കൊവിഡ് നിയന്ത്രണങ്ങളുണ്ടെങ്കിലും കള്ളുഷാപ്പുകൾ നാളെ തുറന്ന് പ്രവർത്തിക്കും. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുള്ള അടുത്ത ഞായറാഴ്ചയും (30-01-2022) ബിവറേജുകളും കൺസ്യൂമർഫെഡ് ഔട്ട് ലെറ്റുകളും ബാറുകളും തുറന്ന് പ്രവർത്തിക്കില്ല. എക്സൈസ് കമ്മീഷണറുടെ ഉത്തരവിനെ തുടർന്നാണ് മദ്യശാലകൾ അടച്ചിടാൻ തീരുമാനമായത്. ഇന്ന് അർധരാത്രി മുതലാണ് സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ നിലവിൽ വരിക. പോലീസ് പരിശോധന ശക്തമാക്കും.
ജനുവരി 23, 30 തീയതികളിൽ സംസ്ഥാനത്ത് ആവശ്യ സർവീസുകൾ മാത്രമായിരിക്കും ഉണ്ടായിരിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് പുതിയ തീരുമാനങ്ങളുണ്ടായത്. നിയന്ത്രണം നിലനിൽക്കുന്ന രണ്ട് ഞായറാഴ്ചകളിലും രാവിലെ ഏഴു മണിമുതൽ രാത്രി ഒമ്പതുവരെ റെസ്റ്റോറന്‍റുകള്‍, ബേക്കറികള്‍ എന്നിവയ്ക്ക് പാഴ്‌സലുകള്‍ക്കായി തുറക്കാം. പലവ്യഞ്ജനങ്ങള്‍, പഴം, പച്ചക്കറികള്‍, പാലും പാൽ ഉൽപ്പന്നങ്ങളും വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍, ഇറച്ചിക്കടകള്‍, കള്ളുഷാപ്പുകള്‍ തുടങ്ങിയവയ്ക്കും പ്രവർത്തനാനുമതിയുണ്ടാകും.
വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവയ്ക്ക് 20 പേർ മാത്രമേ ഞായറാഴ്ചകളിൽ പങ്കെടുക്കാൻ പാടുള്ളു. ഞായറാഴ്ച ജോലിചെയ്യേണ്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സഞ്ചരിക്കാം. പരീക്ഷകൾ എഴുതാൻ പോകുന്നവര്‍ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍ കൈവശംവെച്ച് യാത്രചെയ്യാം. അടിയന്തര വാഹന അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ക് ഷോപ്പുകള്‍ തുറക്കാൻ അനുമതി ഉണ്ടാകും. ദീര്‍ഘദൂരയാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് ട്രെയിൻ, ബസ്, വിമാന യാത്രാ രേഖകള്‍ കാട്ടിയാല്‍ സഞ്ചരിക്കാമെന്നും മാതൃഭൂമി ന്യൂസ് റിപ്പോർട്ട് പറയുന്നു.