മടിക്കൈ (കാഞ്ഞങ്ങാട്): ലോക സാമ്പത്തികവളർച്ചയിൽ 30 ശതമാനവും ചൈനയുടെ സംഭാവനയാണെന്നും കോവിഡ് കാലത്ത് 115 രാജ്യങ്ങൾക്ക് പ്രതിരോധമരുന്നെത്തിച്ചത് അവരാണെന്നും സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള. വസ്തുതകൾ നിരത്തിയും ആ രാജ്യത്തിന്റെ നേട്ടത്തെ കൂടുതൽ വിശദീകരിച്ചും അദ്ദേഹം ചൈനവിഷയ വിവാദത്തിനു മറുപടി നൽകി. മടിക്കൈയിൽ സി.പി.എം. കാസർകോട് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് എസ്.ആർ.പി. വീണ്ടും ചൈനയെ ഉയർത്തിക്കാട്ടിയത്.
കോട്ടയം സമ്മേളനത്തിൽ താൻ ചൈനയെ പ്രകീർത്തിച്ചെന്ന് പറഞ്ഞ് വലിയ വിവാദം നടക്കുകയാണ്. ഒരു രാജ്യത്തെയും പ്രകീർത്തിക്കാനല്ല, ലോകസ്ഥിതിഗതികൾ പഠിക്കാനാണിത് പറയുന്നത്. തന്നെ വിമർശിച്ച ആരും വസ്തുതകൾ പഠിക്കുന്നില്ല. ലോകത്ത് ദാരിദ്ര്യനിർമാർജനത്തിനുള്ള 70 ശതമാനം ഉത്പന്നങ്ങൾ നൽകുന്നത് ചൈനയാണ്. അതേസമയം ലോകത്തിന് 60 ശതമാനം ദാരിദ്ര്യം സംഭാവന ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. റഷ്യൻ മാതൃക മാത്രമല്ല, നമുക്കുണ്ടായിട്ടുള്ളത്. ക്യൂബയും ലാവോസും ഉത്തരകൊറിയയും വിയറ്റ്നാമും നമുക്ക് മാതൃകയാക്കാവുന്നതാണ്. 116 രാജ്യങ്ങളിലെ ദരിദ്രരുടെ കണക്കിൽ 94-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഇപ്പോൾ 101-ാം സ്ഥാനത്താണ്. ഇന്ത്യൻ ഭരണകൂടത്തിന്റെ ശ്രദ്ധ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനാണ്. മതേതരരാജ്യത്തെ പ്രധാനമന്ത്രി ഹിന്ദുക്ഷേത്രം നിർമിക്കാനാണ് മുൻകൈയെടുക്കുന്നത്. കോർപ്പറേറ്റ് വർഗീയശക്തികളുടെ അമിതാധികാരവാഴ്ചയാണ് ഇന്ത്യയിൽ നടക്കുന്നത് -അദ്ദേഹം പറഞ്ഞു.
ചൈനയെ പൂർണമായി അംഗീകരിക്കുന്നില്ല-എം.എ. ബേബി
തൃശ്ശൂർ: വർഷങ്ങൾക്കുമുമ്പ് ചൈന മുന്നോട്ടുവെച്ച മൂന്നാംലോക സിദ്ധാന്തം പാർട്ടി അന്നുതന്നെ തള്ളിക്കളഞ്ഞിരുന്നെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ചൈനയിലെ വികസനശ്രമങ്ങൾ വിശകലനംചെയ്ത് അനുയോജ്യമായവ കണ്ടെത്തുകയെന്നത് ജനപക്ഷത്തുനിൽക്കുന്ന പാർട്ടിയുടെ കർത്തവ്യമാണ്. ചർച്ചകൾക്കിടെ ഉയരുന്ന അഭിപ്രായങ്ങളെ വ്യത്യസ്തനിലപാടുകളെന്നനിലയിൽ വ്യവഹരിക്കുന്നത് മാധ്യമങ്ങളുടെ മനോരോഗമാണ്. തൃശ്ശൂരിൽ പാർട്ടി ജില്ലാസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്താകമാനമുള്ള തിരിച്ചടികളിൽനിന്ന് പാഠമുൾക്കൊണ്ട് പുതിയ പ്രവർത്തനരീതി ചർച്ചചെയ്ത് നടപ്പാക്കുകയാണ് പാർട്ടിയുടെ രീതി. ഇതിന്റെ സഫലമായ മാതൃകയാണ് കേരളത്തിലെ തുടർഭരണം. ഇതിന്റെ ശോഭ കെടുത്താനുള്ള ബോധപൂർവമായ ശ്രമം പല ഭാഗത്തുമുണ്ട്. അമേരിക്കൻപ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൺ കമ്യൂണിസ്റ്റ് ആചാര്യനായിരുന്ന കാറൽ മാർക്സിന് അഭിനന്ദനസന്ദേശം അയച്ച ചരിത്രം ഇത്തരം വിമർശന മനോരോഗികൾ മനസ്സിലാക്കണമെന്നും ബേബി പറഞ്ഞു. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ തുടങ്ങിയവരും പങ്കെടുത്തു.
Content Highlights:SRP praises China again