ന്യൂഡൽഹി
ഡിവൈഎഫ്ഐ 11–-ാം അഖിലേന്ത്യാസമ്മേളനം മേയിൽ കൊൽക്കത്തയിൽ നടത്തും. മുംബൈയിൽ ചേർന്ന കേന്ദ്രകമ്മിറ്റിയോഗമാണ് വേദി തീരുമാനിച്ചത്. 10–-ാം അഖിലേന്ത്യാസമ്മേളനം കൊച്ചിയിലായിരുന്നു.
റിപ്പബ്ലിക് ദിനത്തിൽ കേരളം, പശ്ചിമബംഗാൾ, തമിഴ്നാട്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യത്തിന് അനുമതി നിഷേധിച്ച കേന്ദ്ര നടപടിയിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് 26ന് പ്രതീകാത്മക നിശ്ചലദൃശ്യ പ്രദർശനം സംഘടിപ്പിക്കും. കൊൽക്കത്തയിൽ സുഭാഷ്ചന്ദ്രബോസിന്റെയും കേരളത്തിൽ ശ്രീനാരായണഗുരുവിന്റെയും നിശ്ചലദൃശ്യം പ്രദർശിപ്പിക്കും. 30ന് മഹാത്മാഗാന്ധി രക്തസാക്ഷിദിനം വർഗീയവിരുദ്ധ ദിനമായി ആചരിക്കും. തൊഴിലില്ലായ്മയ്ക്കെതിരെ രാജ്യവ്യാപകപ്രതിഷേധം ഉയർത്താനും തീരുമാനിച്ചു.
അഖിലേന്ത്യാസമ്മേളനത്തിന് മുന്നോടിയായി രാജ്യത്തുടനീളം സെമിനാർ ഉൾപ്പെടെ സംഘടിപ്പിക്കും. അഖിലേന്ത്യാപ്രസിഡന്റ് എ എ റഹീം അധ്യക്ഷനായി.