ന്യൂഡൽഹി
സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമനത്തിൽ കേന്ദ്രത്തിന് കൂടുതൽ അധികാരം നൽകുന്ന ഭേദഗതി നീക്കത്തിനെതിരായി എൻഡിഎ സംസ്ഥാനങ്ങളും. കേരളം, ബംഗാൾ, ഒഡിഷ തുടങ്ങി പ്രതിപക്ഷ സംസ്ഥാനങ്ങൾ നേരത്തേ തന്നെ കേന്ദ്ര നീക്കത്തിനെതിരായി രംഗത്തുണ്ട്. കേന്ദ്ര നീക്കം ഭരണഘടനാ വിരുദ്ധവും ഫെഡറൽ തത്വങ്ങളുടെ ലംഘനവുമാണെന്ന് പ്രതിപക്ഷ സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടി. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിഷയത്തിൽ കേന്ദ്രത്തിന് കത്തയച്ചു.
ബിഹാർ, മധ്യപ്രദേശ്, മേഘാലയ തുടങ്ങി ബിജെപി–- എൻഡിഎ ഭരണ സംസ്ഥാനങ്ങളും കേന്ദ്ര നീക്കത്തോട് വിയോജിച്ചു. നിലവിലെ രീതിയാണ് നല്ലതെന്ന് ബിഹാർ ചീഫ്സെക്രട്ടറി അമിർ സുബാനി പ്രതികരിച്ചു. വിഷയത്തിൽ കേന്ദ്രത്തിന് കത്തയക്കുമെന്ന് മഹാരാഷ്ട്ര സർക്കാരും വ്യക്തമാക്കി.
നിയമന ഭേദഗതിയോട് സംസ്ഥാനങ്ങൾക്ക് പ്രതികരിക്കാനുള്ള സമയപരിധി ജനുവരി അഞ്ചിൽ നിന്ന് ജനുവരി 25ലേക്ക് നീട്ടി. പുതിയ ഭേദഗതി പ്രകാരം ഏതൊരു ഐഎഎസ് ഉദ്യോഗസ്ഥനെയും ഡെപ്യൂട്ടേഷനിൽ കേന്ദ്രത്തിന് നിയമിക്കാം. നിർദേശിച്ച സമയത്തിനുള്ളിൽ ഉദ്യോഗസ്ഥനെ സംസ്ഥാനം വിട്ടുനൽകുന്നില്ലെങ്കിൽ കേന്ദ്രം നിശ്ചയിച്ച തീയതിയിൽ റിലീവ് ചെയ്യപ്പെട്ടതായി കണക്കാക്കും.