കോഴിക്കോട്
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സമുദായത്തിൽ വിഭാഗീയതയും പ്രതിലോമപ്രവണതകളും സൃഷ്ടിക്കുന്നതായി ജമാഅത്തെ ഇസ്ലാമി. ആചാരങ്ങളുടെ പേരിൽ കേരള മുസ്ലിങ്ങളെ വിഭാഗീയതയിലേക്ക് തള്ളിവിട്ട പ്രസ്ഥാനമാണത്. സമസ്തയുടെ ലക്ഷ്യം രചനാത്മകമല്ല പ്രതിലോമകരമാണെന്നും അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും വക്താക്കളായും സമസ്തയെ ജമാഅത്തെ ഇസ്ലാമി ലേഖനത്തിൽ ചിത്രീകരിക്കുന്നു. മുഖവാരിക ‘പ്രബോധന’ത്തിലൂടെയാണ് ജമാഅത്തെ നേതാവ് കെ ടി ഹുസൈൻ സമസ്തയുടെ -നയ –-നിലപാടുകളെ ചോദ്യം ചെയ്യുന്നത്. ജമാഅത്തെ പ്രസിദ്ധീകരണ വിഭാഗമായ ഇസ്ലാമിക് പബ്ലിഷിങ് ഹൗസിന്റെ അസി. ഡയറക്ടർ കൂടിയാണ് ഹുസൈൻ.
1926ൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ രൂപീകരണംതന്നെ പിഴച്ചതാണെന്നാണ് ഹുസൈൻ ഉയർത്തിയ ആരോപണം. ‘സമസ്തയുടെ പിറവിയോടെ ഒരു സംഘടന കൂടി ഉണ്ടായി എന്നതല്ല പ്രശ്നം. രൂപീകരണം മുതൽ 1950 വരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് ക്രിയാത്മകമായ അജൻഡകളോ ലക്ഷ്യങ്ങളോ ഉണ്ടായിരുന്നില്ല എന്നതുകൊണ്ടാണ് അത് നിഷേധാത്മകമായിരുന്നു എന്ന് പറയേണ്ടിവരുന്നത്. ആചാര സംരക്ഷണമായിരുന്നു സമസ്തയുടെ മുഖ്യലക്ഷ്യം. കേരള മുസ്ലിം ഐക്യസംഘം മുന്നോട്ടുവെച്ച സ്ത്രീവിദ്യാഭ്യാസം, ആധുനിക വിദ്യാഭ്യാസം, പ്രാഥമിക മതപഠനകേന്ദ്രങ്ങളായ മദ്രസകൾ തുടങ്ങി എല്ലാറ്റിനെയും എതിർത്ത ചരിത്രമാണുള്ളത്’ – -‘കേരള മുസ്ലിം ഐക്യ സംഘം ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ’ എന്ന ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ(ഇ കെ വിഭാഗം)യും മുസ്ലിംലീഗുമായി വഖഫ് വിഷയത്തിലും മറ്റും ഭിന്നതകൾ രൂക്ഷമായ വേളയിലാണ് ജമാഅത്തെയുടെ വിമർശം. സമസ്തയുടെ പ്രതിഷേധം മാനിക്കാതെ ലീഗ് മതരാഷ്ട്രവാദികളായ ജമാഅത്തെയുമായി നിയമസഭാ തെരഞ്ഞെടുപ്പിലും വഖഫ് സമരത്തിലും കൈകോർത്തിരുന്നു. സമസ്തയെ സമുദായത്തിൽ ഒറ്റപ്പെടുത്താനാണ് ജമാഅത്തെയുടെ അധിക്ഷേപമെന്നാണ് സൂചന.