കൊറോണ വടയോ? തെറ്റിദ്ധരിക്കേണ്ട… കൊറോണ വൈറസിനെ പോലിരിക്കുന്ന വട. മിംപി എന്ന് പേരുള്ള ട്വിറ്റെർ പേജിലാണ് കൊറോണ വടയുണ്ടാക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അരിപ്പൊടിയും ജീരകവും ഉപ്പും ചേർത്ത് ഇളം ചൂടുവെള്ളത്തിൽ മാവുണ്ടാക്കി ആദ്യം വയ്ക്കുന്നു. പിന്നെ സ്റ്റഫ് ചെയ്യുന്നതിന് ഉരുളക്കിഴങ്ങ്, ഉള്ളി, വറ്റല് കാരറ്റ്, കാപ്സിക്കം, കറിവേപ്പില, കുറച്ച് മസാലകൾ ചേർത്ത് ഒരു കൂട്ട് തയ്യാറാക്കുന്നു. പിന്നീട് മാവ് ചെറിയ ഉരുളയാക്കി മസാലക്കൂട്ട് അതിനകത്താക്കി ചുറ്റും കുതിർത്ത അരി തേച്ചു പിടിപ്പിക്കുന്നു. ഇത് നല്ല ആവിയിൽ വേവിക്കുക. പിന്നീട് പാത്രം തുറക്കുമ്പോൾ അരി വെന്ത് വലിപ്പം വയ്ക്കുകയും വിഭവത്തിന് വൈറസിന്റെ ലുക്ക് ലഭിക്കുകയും ചെയ്യും.
നിരവധി പേരാണ് ‘കൊറോണ വട’ ഉണ്ടാകുന്ന രീതിയിൽ ആകൃഷ്ടരായി പ്രശംസയുമായി മുന്നോട്ട് വന്നിട്ടുള്ളത്. കോവിഡ്-19 മഹാമാരിയുടെ തുടക്കം തൊട്ട് തന്നെ ഇത്തരത്തിലുള്ള ഭക്ഷണ വിഭവങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ വൻ പ്രചാരം ലഭിക്കാറുണ്ട്. പശ്ചിമ ബംഗാൾ മധുരപലഹാരക്കടയിലെ കൊറോണ മിസ്റ്റി പലഹാരം മുതൽ വിയറ്റ്നാമീസ് ഷെഫിന്റെ കൊറോണ ബർഗർ വരെ ഇതിൽ പെടും. രാജസ്ഥാനിലെ ജോധ്പുരിൽ പ്രവർത്തിക്കുന്ന വേദിക് മൾട്ടി കുസീൻ റെസ്ടോറന്റ് അവതരിപ്പിച്ചതെന്തെന്നോ?
. മലായി കോഫ്ത എന്ന ഉത്തരേന്ത്യയിൽ പ്രസിദ്ധമായ കറിയാണ് കൊവിഡ് കറി എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്നത്. പച്ചക്കറികൾ ഒരു ചെറിയ ഉരുള പോലെയാക്കി വറുത്തെടുത്താണ് മലായി കോഫ്ത കറി ഉണ്ടാക്കുക. കൊവിഡ് കറിയിലെ ഉരുളയ്ക്ക് കൊറോണ വൈറസിന്റെ ഷെയ്പ്പ് ആണെന്ന് മാത്രം. സാധാരണ ഗതിയിൽ ദീർഘ ത്രികോണാകൃതിയിൽ ലഭിക്കാറുള്ള നാൻ മാസ്കിന്റെ ഷെയ്പ്പിൽ തയ്യാറാക്കിയാണ് മാസ്ക് നാൻ തയ്യാറാക്കിയിരിക്കുന്നത്.