കണ്ണൂർ: കെ-റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി കല്ലിടുന്ന നടപടി നിയമവിരുദ്ധമാണെന്ന് മാടായിപ്പാറ സംരക്ഷണ സമിതി കൺവീനർ കെ.പി. ചന്ദ്രാംഗദൻ. കെ-റെയിൽ ഉദ്യോഗസ്ഥർക്ക്സ്വകാര്യ ഭൂമിയിൽകടന്നുകയറി കോർപറേഷന്റെ പേര് കൊത്തിയുള്ള കല്ല് സ്ഥാപിക്കുന്നതിന് നിയമത്തിന്റെ പിൻബലമില്ല. അതു തടയുന്നതിന് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നുംചന്ദ്രാംഗദൻ വ്യക്തമാക്കി.
മാടായിപ്പാറ തുരന്ന് ടണൽ നിർമിച്ചാണ് റെയിൽ സ്ഥാപിക്കുന്നത് എന്നത് അപ്രായോഗികവും അശാസ്ത്രീയവുമാണ്. മാടായിപ്പാറയുടെ ഇരട്ടിയെങ്കിലും ഉയരത്തിലുള്ള പ്രദേശത്ത് മാത്രമേ ടണൽ സാധ്യമാവൂ. ഇവിടെ ആഴത്തിലുള്ള കട്ടിങ്ങിനാണ് സാദ്ധ്യത. മാടായിപ്പാറക്ക് അത് വലിയ തോതിൽദോഷം ചെയ്യുമെന്നതിനാൽ പ്രതിഷേധം തണുപ്പിക്കുന്നതിനാണ് ടണലാണെന്ന് പറയുന്നത്.
കഴിഞ്ഞ ആഗസ്റ്റ് 18ന് പുറത്തുവന്ന സർക്കാർ ഉത്തരവിൽ കേന്ദ്ര സർക്കാറിന്റെയും റെയിൽവേ ബോർഡിന്റെയും പ്രാഥമിക അനുമതിക്ക് ശേഷമേ ധനസമാഹരണം നടത്തുകയുള്ളുവെന്നും അന്തിമാനുമതി ലഭിക്കുന്ന മുറക്ക് മാത്രമെ ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങുകയുള്ളു എന്നും പറഞ്ഞിരുന്നു. എന്നാൽ മറ്റൊരു ഉത്തരവ് ഇറക്കിക്കൊണ്ട് ഭൂമി ഏറ്റെടുക്കാൻ ഏകപക്ഷീയമായ അനുമതി നൽകുകയായിരുന്നു. കേന്ദ്ര നിലപാട് പദ്ധതിക്ക് എതിരാകും എന്ന് മുന്നിൽകണ്ടാണ് ഈ ഉത്തരവ് ഇറക്കിയത്. തുടർന്ന് കോർപറേഷൻ ഉദ്യോഗസ്ഥൻമാരെ കല്ല് സ്ഥാപിക്കാൻ അധികാരപ്പെടുത്തുകയും ചെയ്തു. ഈ നടപടി പ്രതിഷേധാർഹമാണെന്നും അത് തടയുന്നതിന്ന് ശക്തമായ സമരം ആരംഭിക്കുമെന്നും ചന്ദ്രാംഗദൻ കൂട്ടിച്ചേർത്തു.
വൻ പോലീസ് സന്നാഹത്തോടെ കല്ല് സ്ഥാപിക്കാൻ വന്ന ഉദ്യോഗസ്ഥർക്കെതിരേ പ്രദേശവാസികൾ പ്രതിഷേധിച്ചു. മാടായിപ്പാറ സംരക്ഷണ സമിതി പ്രവർത്തകർ, കെ-റെയിൽ വിരുദ്ധ സമിതി എന്നിവരുടെ നേതൃത്വത്തിലാണ് വൻ പ്രതിഷേധമുയർത്തിയത്.
Content Highlights: madayipara alignment of k rail