തിരുവനന്തപുരം: ഹൈക്കോടതി വിധി സി.പി.എമ്മിന്റെ ധാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വിധിയെ സ്വാഗതം ചെയ്യുന്നു. സാമാന്യ യുക്തിയുള്ള ആർക്കും ബോധ്യപ്പെടുന്ന കാര്യമാണ് കോടതി പറഞ്ഞത്. നിയന്ത്രണങ്ങൾ ഒന്നും തങ്ങൾക്ക് ബാധകമല്ലെന്ന നിലയിലാണ് സി.പി.എമ്മിന്റെ പോക്കെന്നും സതീശൻ പറഞ്ഞു. കാസർക്കോട്ട് 50 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്ന സമ്മേളനങ്ങൾ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സതീശന്റെ പ്രതികരണം.
മുന്നൂറും അഞ്ഞൂറും പേരെ സംഘടിപ്പിച്ച് സമ്മേളനം നടത്താനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന സി.പി.എം സ്വന്തം പാർട്ടി പ്രവർത്തകരെ കൂടി കൊലയ്ക്ക് കൊടുക്കുകയാണ്.
കോടതിവിധി അനുസരിച്ചുള്ള തുടർ നടപടികൾ വേണം. കാസർക്കോടിന് ബാധകമായ ഉത്തരവ് തൃശൂരിനും ബാധകമാണ്. പാർട്ടി സമ്മേളനങ്ങൾ നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴില്ലെന്നും സതീശൻ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.