തൃശൂർ: പിറകിലെ ഭാഗം ഉയർത്തി ടിപ്പർ ലോറി ഓടിച്ച് കുതിരാൻ തുരങ്കത്തിലെ ലൈറ്റുകളും ക്യമാറകളും തകർത്തു. 90 മീറ്റർ ദൂരത്തിൽ 104 ലൈറ്റുകളും പാനലുകളും പത്ത് സുരക്ഷാ ക്യാമറകൾ, പൊടിപടലങ്ങൾ തിരിച്ചറിയാനുള്ള സെൻസറുകൾ എന്നിവ പൂർണ്ണമായും തകർന്നു. കുതിരാൻ ഒന്നാം തുരങ്കത്തിൽ ഇന്നലെ രാത്രിയിലാണ് സംഭവം. രാത്രി 8.50 ഓടെയാണ് പാലക്കാട് ഭാഗത്ത് നിന്നെത്തിയ ടിപ്പർ ലോറി ബക്കറ്റ് ഉയർത്തിവെച്ച് തുരങ്കത്തിലൂടെ കടന്നുപോയത്.
പത്തുലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. തുരങ്കത്തിലെ ലൈറ്റുകൾ മനഃപൂർവ്വം തകർത്തതാണോ എന്നത് വ്യക്തമല്ല. സിസിടിവിയിൽ നിന്ന് ടിപ്പർലോറിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും നമ്പർ വ്യക്തമല്ലെന്നാണ് അധികൃതർ പറയുന്നത്.
ലൈറ്റുകൾ തകർന്ന് വീഴുന്നതിന്റെ ശബ്ദം കേട്ട് ടിപ്പർ നിർത്തുകയും പിന്നീട് പിൻഭാഗം താഴ്ത്തിയ ശേഷം നിർത്താതെ ഓടിച്ചുപോകുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടിപ്പറിനായുള്ള തിരച്ചിലും തുടങ്ങിയതായി പോലീസ് അറിയിച്ചു.
അതേ സമയം ലൈറ്റുകൾ തകർന്നത് തുരങ്കത്തിലൂടെയുള്ള ഗതാഗതത്തെ ബാധിച്ചിട്ടില്ല. രണ്ടാം തുരങ്കം കഴിഞ്ഞ ദിവസം തുറന്നതോടെ ഒന്നാം തുരങ്കത്തിലെ ഗതാഗത കുരുക്ക് കുറഞ്ഞിട്ടുണ്ട്. ലൈറ്റുകൾ തകർന്ന ഭാഗത്ത് ബാരിക്കേഡ് വെച്ച് അധികൃതർ ഒരു ഭാഗത്ത് കൂടിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്.
Content Highlights : Massive Damage in Kuthiran Tunnel;104 lights and cameras broken