തൃശൂർ> കോവിഡ് രോഗ പ്രതിരോധത്തിന് കാറ്റഗറി തിരിച്ചത് സർക്കാരാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സിപിഐ എം ആവശ്യപ്പെട്ടിട്ടില്ല. വസ്തുകൾ പരിശോധിക്കാതെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന. ദിവസവും രാവിലെ സിപിഐ എമ്മിനെതിരെ എന്തെങ്കിലും പറയണം. അതിന്റെ ഭാഗമാണിത്.
ഉത്തരവാദിത്ത സ്ഥാനങ്ങളിലിരിക്കുന്നവർ വസ്തുകൾ മനസിലാക്കി വേണം പ്രതികരിക്കാനെന്നും കോടിയേരി പറഞ്ഞു. സിപിഐ എം തൃശൂർ ജില്ലാ സമ്മേളനത്തിന് എത്തിയ കോടിയേരി, മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.
ചൂട് കൊണ്ടാൽ കേരളത്തിലെ കോവിഡ് വെന്തുചാകുമെന്ന് പറഞ്ഞ മുരളിധരനും ഇപ്പോൾ കോവിഡ് മാനദണ്ഡം പറയുകയാണ്. അദ്ദേഹം നിലപാട് മാറ്റിയോയെന്നും കോടിയേരി ചോദിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാകാനാണ് പാർടി തീരുമാനം. സിപിഐ എം പ്രവർത്തകർക്ക് രോഗം വരുന്നതിനായി സിപിഐ എം യോഗം നടത്തുമോ. ജനങ്ങളുടെയും പാർട്ടിക്കാരുടെയും ആരോഗ്യത്തെ ബാധിക്കുന്ന ഒന്നും ചെയ്യില്ല. അതിനാലാണ് സമ്മേളനങ്ങളുടെ ഭാഗമായുള്ള പൊതുപരിപാടികളെല്ലാം ഉപേക്ഷിച്ചത്. തൃശൂരിൽ പതാക, കൊടിമര, ദീപശിഖ ജാഥകളെല്ലാം ഉപേക്ഷിച്ചു. പൊതുസമ്മേളനം വെർച്വലാക്കി മാറ്റി. ആലപ്പുഴ സമ്മേളനം സാഹചര്യം നോക്കി തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു.