തിരുവനന്തപുരം > ആശുപത്രികളിലെ കോവിഡ് ഡിസ്ചാർജ് മാനദണ്ഡം പുതുക്കി. നേരിയ രോഗലക്ഷണമുള്ളവർക്ക് ആർടിപിസിആർ നെഗറ്റീവ് ആകണ്ട. രോഗികൾക്ക് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതുമുതലും ലക്ഷണമില്ലാത്തവർ കോവിഡ് സ്ഥിരീകരിച്ചതുമുതലും വീട്ടിൽ ഏഴ് ദിന നിരീക്ഷണം.
നടത്ത പരിശോധന
ദിവസവും ആറ് മിനിറ്റ് നടത്ത പരിശോധനയിൽ അപായസൂചന അറിയാം. ഓക്സിജന്റെ അളവ് 94 ശതമാനത്തിൽ കുറവ്, അല്ലെങ്കിൽ നടത്തശേഷം ഓക്സിജന്റെ അളവ് ബേസ് ലൈനിൽനിന്ന് മൂന്ന് ശതമാനത്തിൽ കുറവ്. ഇവർ 104, 1056 ലോ അറിയിക്കണം. പാരസറ്റാമോൾ കഴിക്കാതെ 72 മണിക്കൂറിൽ പനി ഇല്ലാതിരിക്കുക, ശ്വാസതടസ്സം കുറയുക, ഓക്സിജൻ ആവശ്യമില്ലാത്ത അവസ്ഥ, സുഗമമായ രക്തചംക്രമണം, അമിതക്ഷീണമില്ലായ്മ തുടങ്ങിയ അവസ്ഥയിൽ വീട്ടിൽ റൂം ഐസൊലേഷനായോ സിഎഫ്എൽടിസി യിലേക്കോ സിഎസ്എൽടിസിയിലേക്കോ ഡിസ്ചാർജ് ചെയ്യാം.
ഗുരുതര രോഗങ്ങളുള്ളവർ ലക്ഷണങ്ങൾ തുടങ്ങിയതിന് 14-ാം ദിവസം ആന്റിജൻ പരിശോധന നടത്തണം. ആരോഗ്യനില തൃപ്തികരമാണെങ്കിൽ ഡിസ്ചാർജ് ചെയ്യാം. നേരിയ രോഗലക്ഷണങ്ങളുള്ളവരെയും നിരീക്ഷിച്ചശേഷം ഡിസ്ചാർജ് ചെയ്യാം. ഡിസ്ചാർജ് ചെയ്താലും മാർഗനിർദേശം പാലിക്കണം. എല്ലാ വിഭാഗത്തിലുമുള്ളവർ ഡിസ്ചാർജ് ചെയ്തശേഷം ഏഴ് ദിവസംകൂടി എൻ 95 മാസ്ക് ധരിക്കണം. 20 ദിവസത്തിനുശേഷവും ആന്റിജൻ പരിശോധനയിൽ പോസിറ്റീവാണെങ്കിൽ സാമ്പിൾ ജനിതക ശ്രേണീകരണത്തിന് നൽകണം.
ഹോട്ടലിൽ കുടുംബാംഗങ്ങൾക്ക് ഒരുമിച്ചിരിക്കാം
ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുമ്പോൾ രോഗം പകരാതിരിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ വരുത്താൻ കോവിഡ് അവലോകനയോഗം തീരുമാനിച്ചു. കുടുംബാംഗങ്ങൾക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം. കോവിഡിതര രോഗികളുടെ കാര്യത്തിൽ കൃത്യമായ ക്രമീകരണം ഉണ്ടാക്കണം. ഇതിന് സെക്രട്ടറിയറ്റിൽ കോവിഡ് വാർ റും പ്രവർത്തിക്കും.
അധ്യയനവർഷത്തിന്റെ അവസാനഘട്ടമായതിനാൽ ഓൺലൈൻ ക്ലാസിന് അധ്യാപകർ സ്കൂളിൽ ഉണ്ടാകണം. ജില്ലകളുടെ ആവശ്യമനുസരിച്ച് കരുതൽ വാസകേന്ദ്രങ്ങൾ ആരംഭിക്കാം. മരുന്നുകൾക്കും പരിശോധന കിറ്റുകൾക്കും ക്ഷാമം ഉണ്ടാകരുത്. ക്ലസ്റ്ററുകൾ രൂപപ്പെടുന്നയിടങ്ങളിൽ സെക്ടറൽ മജിസ്ട്രേട്ടുമാരെ നിയോഗിക്കാം. നിർമാണപ്രവർത്തനങ്ങൾക്ക് തടസ്സമില്ല, സാമൂഹ്യ അകലം പാലിക്കണം.
ജില്ലകളിൽ സവിശേഷ സാഹചര്യങ്ങൾക്കനുസൃതമായി നിയന്ത്രണങ്ങൾ വരുത്താൻ കലക്ടർമാർക്ക് അധികാരം നൽകി. ചീഫ് സെക്രട്ടറിയുമായി ആലോചിച്ച് ഇക്കാര്യം തീരുമാനിക്കാം.