തിരുവനന്തപുരം > ഒമിക്രോൺ അതിവേഗം വ്യാപിക്കുന്നതിനാൽ സംസ്ഥാനമാകെ ജാഗ്രത വേണമെന്ന് അമേരിക്കയിൽനിന്ന് ഓൺലൈനായി അവലോകന യോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗബാധിതർ കൂടുതലും വീടുകളിലാണെന്നതിനാൽ ടെലിമെഡിസിൻ വ്യാപകമാക്കണം. തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് പ്രധാന പങ്കുവഹിക്കാനാകും. വീടുകളിൽ കഴിയുന്നവർക്ക് ഗൃഹ പരിചരണം ഉറപ്പുവരുത്താൻ ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. വാർഡ്തല സമിതികൾ വീടുകൾ കേന്ദ്രീകരിച്ച് രോഗികളുടെ സൗകര്യങ്ങൾ ഉറപ്പാക്കണം.
മെഡിക്കൽ കോളേജ് ആശുപത്രികളിൽ കൃത്യമായ മാനദണ്ഡം നിശ്ചയിക്കണം. റഫർചെയ്യുന്ന ഗുരുതരരോഗികളെ പ്രവേശിപ്പിച്ചാൽ മതിയാകും. ഗുരുതര രോഗികളെ മുതിർന്ന ഡോക്ടർമാർകൂടി പരിശോധിക്കണം. നേരത്തെ കോവിഡ് ബ്രിഗേഡിൽ സേവനമനുഷ്ഠിച്ചവരെ ആവശ്യാനുസരണം നിയമിക്കാൻ മുഖ്യമന്ത്രി ആരോഗ്യവകുപ്പിന് നിർദേശംനൽകി.
സ്വകാര്യആശുപത്രികളുടെ സഹകരണം ഉറപ്പു വരുത്തി രോഗികളെ പ്രവേശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. 108 ആംബുലൻസുകളുടെ ഉപയോഗം പരമാവധി ഉറപ്പു വരുത്തണം. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർക്ക് ഏഴു ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കേണ്ടതില്ല എന്നും യോഗം തീരുമാനിച്ചു.