കണ്ണൂർ > കെ–-റെയിൽ പദ്ധതി വിശദീകരിക്കുന്ന ‘ജനസമക്ഷം സിൽവർ ലൈൻ’ അലങ്കോലപ്പെടുത്താൻ കണ്ണൂരിൽ കോൺഗ്രസ് അക്രമം. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിയും നാലുപേരും വേഷംമാറി യോഗഹാളിലേക്ക് ഇരച്ചു കയറിയാണ് അക്രമം നടത്തിയത്.
പൊലീസിനെയും നാട്ടുകാരെയും ഇവർ കൈയേറ്റം ചെയ്തങ്കിലും ഇരുകൂട്ടരും സംയമനം പാലിച്ചതിനാൽ കൂടുതൽ സംഘർഷമുണ്ടായില്ല. അക്രമികളെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ്, വിനീഷ് ചുള്ളിയാൻ, യഹ്യ പള്ളിപ്പറമ്പ്, പ്രനിൽ മതുക്കോത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. അഞ്ചുപേരെയും കണ്ണൂർ ജുഡീഷൽ മജിസ്ട്രേട്ട്–-ഒന്ന് റിമാൻഡുചെയ്തു. മാധ്യമപ്രവർത്തകനെന്ന വ്യാജേനയും ഒരാൾ സംഘത്തിലുണ്ടായി.
മന്ത്രി എം വി ഗോവിന്ദൻ ജനങ്ങളുമായി സംവദിക്കവെയാണ് അക്രമം തുടങ്ങിയത്. യോഗത്തിൽ പങ്കെടുക്കുന്നവരെ കൈയേറ്റംചെയ്യാൻ യൂത്ത് കോൺഗ്രസുകാർ ശ്രമിച്ചു. നാട്ടുകാർ ഇവരെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു.
അക്രമികൾ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അനുയായികളാണ്.
കെ–-റെയിൽ പദ്ധതി വിശദാംശങ്ങൾ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കാനാണ് സർക്കാർ പരിപാടി സംഘടിപ്പിക്കുന്നത്. മറ്റ് ജില്ലകളിൽ പരിപാടി വൻ വിജയമായി ജനങ്ങളുടെ തെറ്റിദ്ധാരണ മാറിയതോടെയാണ് കോൺഗ്രസ് അക്രമത്തിലേക്ക് തിരിഞ്ഞത്.