തൃശൂർ> മയക്കുമരുന്നുമായി പിടിയിലായ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൗസ് സർജനെ പൊലീസ് ചോദ്യം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിൽ സിറ്റി പോലീസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു.
മയക്കുമരുന്നുമായി മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തിട്ടുണ്ട്. എന്നാൽ കേസന്വേഷണവുമായി ബന്ധപ്പെട്ട്, യാതൊരു വിധ വിവരങ്ങളും വെളിപ്പെടുത്താൻ പാടില്ല എന്നിരിക്കെ ഇതിന് വിരുദ്ധമായാണ് പ്രതിയെ ചോദ്യം ചെയ്യുന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. മനോരമ ന്യൂസ് അടക്കമുള്ള ചാനലുകളിൽ വീഡിയോ പ്രചരിപ്പിച്ചിരുന്നു. അതിൽ പരാതി ലഭിച്ചതിനെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഉത്തരവാദികളായിട്ടുള്ളവരെ കണ്ടെത്തുന്നതിന് തൃശൂർ അസിസ്റ്റന്റ് കമ്മീഷണറെ ചുമതലപ്പെടുത്തിയതായും കമ്മീഷണർ അറിയിച്ചു. അതേസമയം മയക്കുമരുന്നമായി പിടിയിലായ ഹൗസ് സർജൻ അക്വിൽ മുഹമ്മദ് ഹുസൈനെ റിമാൻഡ് ചെയ്തു.