കണ്ണൂര്> ജനാഭിപ്രായങ്ങള് മുഖവിലക്കെടുത്ത് അഞ്ച് വര്ഷത്തിനകം കെ റെയില് യാഥാര്ഥ്യമാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്. വികസന പദ്ധതികള് നടപ്പാക്കുമ്പോള് എതിര്പ്പും ആക്ഷേപവും വിമര്ശവും അനുകൂല നിലപാടും സ്വാഭാവികമാണ്. എന്നാല് സര്വേകല്ല് പിഴുത് മാറ്റിയാല് അവസാനിച്ചുപോകുന്നതല്ല പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില് ജനസമക്ഷം സില്വര് ലൈന് വിശദീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജനസാന്ദ്രതയുള്ള കേരളത്തില് ഒരു പദ്ധതി നടപ്പാക്കുമ്പോള് തെറ്റിദ്ധാരണയും സംശയവും സ്വാഭാവികമാണ്. വീടും പറമ്പും. നഷ്ടപ്പെടുമ്പോള് ആശങ്കയുണ്ടാകും. അത്തരം ആശങ്കകള് പൂര്ണമായും പരിഹരിക്കും. സര്ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല. എല്ലാം തുറന്നുപറഞ്ഞാണ് മുന്നോട്ട് പോകുന്നത്. ജനങ്ങളെ ബോധ്യപ്പെടുത്തിയേ വികസന പദ്ധതികള് നടപ്പാക്കൂ.
കെ റെയിലിന്റെ ഡിപിആര് പ്രസിദ്ധീകരിക്കുന്നില്ലെന്നാണ് എതിര്ക്കുന്നവര് ആദ്യം പറഞ്ഞത്. പ്രസിദ്ധീകരിച്ചപ്പോള് മറ്റ് പലതും പറയുന്നു. ഇപ്പോള് ഇത് വേണ്ട എന്നാണ് ചിലര് പറയുന്നത്. അതിന് മുഖ്യമന്ത്രി കൃത്യമായ മറുപടി നല്കിയിട്ടുണ്ട്. കേരളം നെടുകെ മണ്തിട്ടയായി മാറുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. വയലും തണ്ണീര്തടവും സംരക്ഷിച്ചാണ് റെയില്പാത. 530 കിലോമീറ്റര് പാതയില് 137 കിലോമീറ്റര് പാലവും തുരങ്കവുമാണ്. പാത യാഥാര്ഥ്യമാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.