ആദ്യം കേരളം നൽകിയത് മുന്നിലും പിന്നിലും ജഡായു പാറയുടെ മാതൃകയുള്ള രൂപരേഖയാണ്. പിന്നീട് ആദിശങ്കരന്റെയും ശ്രീനാരായണ ഗുരുവിന്റെയും ചിത്രം ഉൾപ്പെടുത്താൻ കേരളം ശ്രമിച്ചു. എന്നാൽ എന്താണ് സന്ദേശം എന്ന് വിശദീകരിക്കാൻ കേരളത്തിന് കഴിഞ്ഞില്ല. രാജ്പഥിന് പറ്റിയ നിറമായിരുന്നില്ല ഫ്ലോട്ടിന് ഉണ്ടായിരുന്നത്. കേരളം സമർപ്പിച്ച വിവിധ മാതൃകയുടെ ചിത്രവും കേന്ദ്രം പുറത്തുവിട്ടു.
അതേസമയം “ബിജെപിക്ക് ശ്രീ നാരായണ ഗുരു സ്വീകാര്യനല്ലായിരിക്കാം. എന്നുവെച്ച് മഹാനായ നവോത്ഥാന നായകനെ ഈ വിധത്തിൽ അപമാനിച്ച് ഒഴിവാക്കുന്നത് പുരോഗമന സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ല. ശ്രീനാരായണ ഗുരുവിന് അയിത്തം കൽപ്പിച്ച സങ്കുചിതമായ രാഷ്ട്രീയ തീരുമാനം തിരുത്താൻ കേന്ദ്രം തയ്യാറാവണം.” എന്നായിരുന്നു വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്.
സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഇക്കൊല്ലത്തെ റിപ്പബ്ലിക്ക് ദിന പരേഡ്. സാമൂഹ്യ പരിഷ്കർത്താവായ ശ്രീനാരായണ ഗുരുവും ജഡായു പാറയും ഉൾപ്പെടുന്നതായിരുന്നു കേരളത്തിന്റെ നിശ്ചല ദൃശ്യം.
നവോത്ഥാന ചരിത്രത്തിന്റെ മുഖത്തേറ്റ അടിയാണിതെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പ്രമാണി ഉദ്യോഗസ്ഥരുടെ ജാതി ചിന്തയും വർണ്ണ വിരോധവും മാറാൻ പോകുന്നില്ല. ഫ്ലോട്ട് ഒഴിവാക്കിയത് സംസ്ഥാനത്തെ അവഹേളിക്കുന്ന നിലപാടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എന്നാൽ റിപ്പബ്ലിക്ക് ദിന പരേഡിൽ നിന്നും കേന്ദ്രം ഒഴിവാക്കിയ ഫ്ലോട്ട് സംസ്ഥാനം ഒട്ടാകെ പ്രദർശിപ്പിക്കുമെന്ന് തമിഴ്നാട് വ്യക്തമാക്കി. ചെന്നൈയിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ പ്രധാന ആകർഷണം ഈ ഫ്ലോട്ടായിരിക്കും. കേന്ദ്രത്തിന്റെ നടപടിക്കെതിരെയാണ് തമിഴ്നാട് തുറന്നപോരിന് ഇറങ്ങിയിരിക്കുന്നത്.
സ്വാതന്ത്ര്യ സമര സേനാനി വി ഒ ചിദംബരനാർ, വാളുമായി കുത്തിരപ്പുറത്തേറിയ വേലുനാച്ചിയാർ, മഹാകവി ഭാരതിയാർ അടക്കമുള്ളവർ ഉൾപ്പെടുന്നതാണ് തമിഴ്നാടിന്റെ റിപ്പബ്ലിക്ക് ദിന ഫ്ലോട്ട്. ഫ്ലോട്ട് സംസ്ഥാനം ഒട്ടാകെ പ്രദർശിപ്പിക്കുന്നത് തമിഴ് വികാരം ഉയരുന്നതിന് ഇടയാക്കുമെന്നും ഇത് രാഷ്ട്രീയ തിരിച്ചടിയാകുമെന്നുമാണ് സംസ്ഥാന ബിജെപിയുടെ വിലയിരുത്തൽ.