കണ്ണൂർ: കണ്ണൂരിൽ കെ റെയിൽ വിശദീകരണ യോഗത്തിലേക്ക് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. മന്ത്രി എം.വി.ഗോവിന്ദൻ അടക്കമുള്ളവർ പങ്കെടുത്ത യോഗത്തിലേക്കാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രവേശിച്ച് പ്രതിഷേധം നടത്തിയത്. റിജിൽ മാക്കുറ്റിയടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
രാവിലെ 11.10 ഓടെയായിരുന്നു പ്രതിഷേധം നടന്നത്. പോലീസിന് പോലും തിരിച്ചറിയാൻ സാധിക്കാതെ നാടകീയമായിട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രി സംസാരിക്കുന്നതിനിടെ യോഗം നടക്കുന്ന ഹാളിനുള്ളിൽ കയറി പ്രതിഷേധിച്ചത്.
പിന്നീട് പോലീസ് എത്തി ഇവരെ തടഞ്ഞു. അവിടെ ഉണ്ടായിരുന്ന സിപിഎം പ്രവർത്തകരും യൂത്ത് കോൺഗ്രസുകാരെ കൈയേറ്റം ചെയ്തതായി പരാതി ഉയർന്നു. സിപിഎം ഗുണ്ടകൾ തങ്ങളുടെ പ്രവർത്തകരെ അക്രമിച്ചെന്ന് ഡിസിസി അധ്യക്ഷൻ ഉൾപ്പടെയുള്ളവർ ആരോപിച്ചു. യോഗം അലങ്കോലമാക്കാൻ കെ.സുധാകരൻ പറഞ്ഞയച്ച ഗുണ്ടകളെയാണ് പോലീസ് നീക്കം ചെയ്തതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും തിരിച്ചടിച്ചു.