ന്യൂഡൽഹി
സംയുക്തസേനാ മേധാവി ജനറൽ ബിപിൻ റാവത്തടക്കം 14 പേരുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്ടർ ദുരന്തത്തിന്റെ ഞെട്ടൽ മാറുംമുമ്പാണ് മുംബൈയിലെ യുദ്ധക്കപ്പൽ സ്ഫോടനത്തിൽ മൂന്ന് സൈനികരെ നഷ്ടമായത്. പഴക്കവും അറ്റകുറ്റപ്പണികളിലെ പോരായ്മയും സാങ്കേതികത്തകരാറുകളും അശ്രദ്ധയുമാണ് നാവികദുരന്തങ്ങൾക്ക് കാരണം. 160 പടക്കപ്പലുള്ള ഇന്ത്യൻ നേവി നവീകരണത്തിലും ആധുനികവൽക്കരണത്തിലും ഏറെ പിന്നില്‍. കേന്ദ്ര സർക്കാരിന്റെ അലംഭാവവും നിർണായക ഘടകം. രണ്ട് പതിറ്റാണ്ടായി രണ്ടുവർഷത്തിൽ ഒരുകപ്പലെന്ന നിലയിൽ സേനയ്ക്ക് നഷ്ടമാകുന്നു.
1990 ആഗസ്തിൽ ആന്റി സബ്മറൈൻ അഭ്യാസത്തിനുശേഷം വിശാഖപട്ടണത്തേക്ക് മടങ്ങുമ്പോൾ ഐഎൻഎസ് അൻഡമാൻ മുങ്ങി 15 സൈനികർ മരിച്ചു. ആയുധസംവിധാനത്തിലെ അപകടത്തെ തുടർന്ന് 2010ൽ ഐഎൻഎസ് മുംബൈ കപ്പലിലെ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. 2013 ഏപ്രിലിൽ അന്തർവാഹിനി സിന്ധുരക്ഷകില്‍ സ്ഫോടനമുണ്ടായി മൂന്ന് നാവികസേനാ ഉദ്യോഗസ്ഥരും 15 സൈനികരും വെന്തുമരിച്ചു.
2014 ഫെബ്രുവരിയിൽ സിന്ധുരത്നയില്‍ തീ പടര്‍ന്ന് രണ്ട് നാവികസേനാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഈ സംഭവത്തിനു പിന്നാലെ അപകടങ്ങളുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് നാവികസേനാ മേധാവി അഡ്മിറൽ ഡി കെ ജോഷിക്ക് രാജിവയ്ക്കേണ്ടി വന്നു. എ കെ ആന്റണിയായിരുന്നു അന്ന് പ്രതിരോധമന്ത്രി. 2014 മാർച്ചിൽ ഐഎൻഎസ് കൊൽക്കത്തയിൽ വിഷവാതക ചോർച്ചയുണ്ടായി കമാൻഡർ മരിച്ചു. അതേമാസം ആണവ അന്തർവാഹിനി നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു.
2014 നവംബറിൽ വിശാഖപട്ടണം തീരത്ത് അസ്ത്രവാഹിനി കപ്പൽ മുങ്ങി അഞ്ച് സൈനികർ മരിച്ചു. 2016 ജൂണിൽ കാർവാറിൽ ഐഎൻഎസ് വിക്രമാദിത്യയിൽ വിഷവാതക ചോർച്ചയിൽ രണ്ട് സൈനികർ മരിച്ചു. 2016 ഡിസംബറിൽ മുംബൈയിൽ ഐഎൻഎസ് ബട്വ അപകടത്തിൽപ്പെട്ട് രണ്ട് സൈനികർ കൊല്ലപ്പെട്ടു.