കൊച്ചി
എടിഎമ്മിൽനിന്ന് പണം തട്ടുന്ന സംഘം പൊലീസ് പിടിയിൽ. രാജസ്ഥാൻ അൽവാർ സ്വദേശികളായ ആഷിഫ് അലി സർദാരി (26), ഷാഹിദ് ഖാൻ (30) എന്നിവരെയാണ് പ്രത്യേക അന്വേഷകസംഘം അറസ്റ്റ് ചെയ്തത്. എസ്ബിഐയുടെ പോണേക്കര എടിഎമ്മിൽനിന്ന് പണം തട്ടിയ കേസിലാണ് അറസ്റ്റ്. തട്ടിപ്പിന് ഉപയോഗിച്ച 44 എടിഎം കാർഡുകൾ പിടിച്ചെടുത്തു. കൂട്ടുപ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
2021 നവംബർ, ഡിസംബർ മാസങ്ങളിലായി ഇടപ്പള്ളി, പോണേക്കര ഭാഗങ്ങളിലുള്ള എടിഎമ്മുകളിൽനിന്ന് എട്ടുതവണയായി 1.15 ലക്ഷം രൂപ തട്ടിയെടുത്തു. കൊച്ചിയിലെ വിവിധ എടിഎമ്മുകളിൽനിന്ന് 10 ലക്ഷം രൂപയോളം ഇവർ എടുത്തിട്ടുണ്ട്. സെൻട്രൽ എസിപി സി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണച്ചുമതല.
സോഫ്റ്റ്വെയറിന്റെ അപാകം മുതലെടുത്തു
എടിഎം സോഫ്റ്റ്വെയറിന്റെ അപാകം മുതലെടുത്താണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. രണ്ടോ മൂന്നോപേരുള്ള സംഘങ്ങളായി എടിഎം കൗണ്ടറിലെത്തും. മെഷീനിൽ കാർഡിട്ട് പണം പുറത്തുവരാനെടുക്കുന്ന സമയത്ത് മെഷീനിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കും. ഇതോടെ പണം ഇവരുടെ കൈയിലെത്തും, എന്നാൽ, എടിഎം സോഫ്റ്റ്വെയറിൽ പണം പോയതായി രേഖയുണ്ടാകില്ല. അക്കൗണ്ടിൽനിന്ന് പണം പോകും. ഇങ്ങനെ അക്കൗണ്ടിൽനിന്ന് കുറഞ്ഞ പണം തങ്ങൾക്ക് ലഭിച്ചില്ലെന്നുകാട്ടി ബാങ്കിന് ഇ-–-മെയിൽ വഴി പരാതി നൽകും. തിരിമറി മനസ്സിലാകാതെ ബാങ്ക് അധികൃതർ പണം തിരികെ അക്കൗണ്ടിൽ കൊടുക്കും. പ്രതികളുടെയും ബന്ധുക്കളുടെയും പരിചയക്കാരുടെയും എടിഎം കാർഡുകളും തിരിച്ചറിയൽ രേഖകളുമാണ് ഉപയോഗിച്ചിരുന്നത്.
കുടുങ്ങിയത് വാഹനം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ
തട്ടിപ്പുനടന്ന എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് പ്രതികളുടെ ചിത്രം ലഭിച്ചില്ല. ഇവർ സഞ്ചരിച്ച ഇരുചക്രവാഹനത്തിന്റെ നമ്പർ തിരിച്ചറിഞ്ഞ് നടത്തിയ അന്വേഷണത്തിൽ വാടകയ്ക്കെടുത്തതാണെന്ന് മനസ്സിലായി.
വാടകയ്ക്ക് കൊടുത്ത ഏജൻസിയിൽ പ്രതികൾ നൽകിയ രേഖകളിൽനിന്നാണ് തിരിച്ചറിഞ്ഞത്. തട്ടിപ്പിനായി വിമാനമാർഗമാണ് എത്തിയിരുന്നത്. ഇവർ ഡൽഹിയിൽനിന്ന് കൊച്ചിയിലെത്തി എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കുസാറ്റ് ഭാഗത്ത് കളമശേരി പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.