കാഞ്ഞങ്ങാട്
സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള കാസർകോട് ജില്ലാ സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും. പോരാട്ടഭൂമിയായ മടിക്കൈ അമ്പലത്തുകരയിൽ മൂന്ന് ദിവസം നടക്കുന്ന സമ്മേളനം കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാകും. മടിക്കൈ ബാങ്കിനുസമീപം കെ ബാലകൃഷ്ണൻ നഗറിൽ രാവിലെ 10ന് പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കരുണാകരൻ, പി കെ ശ്രീമതി, ഇ പി ജയരാജൻ, കെ കെ ശൈലജ, എം വി ഗോവിന്ദൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, ടി പി രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും. 26,120 പാർടി അംഗങ്ങളെ പ്രതിനിധീകരിച്ച് 150 പേരും 35 ജില്ലാ കമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുക.
പൈവളിക രക്തസാക്ഷിമണ്ഡപത്തിൽനിന്നുള്ള പതാകയും കയ്യൂരിൽനിന്നുള്ള ദീപശിഖയും ചീമേനിയിൽനിന്നുള്ള കൊടിമരവും വ്യാഴം വൈകിട്ട് അമ്പലത്തുകരയിലെത്തും. വെള്ളി രാവിലെ 9.30ന് പ്രതിനിധി സമ്മേളന നഗരിയിൽ പതാക ഉയർത്തും.