വാളയാർ: സംസ്ഥാനത്ത് കോവിഡ് സാഹചര്യം അതിരൂക്ഷമായിരിക്കെ, മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തി വനംവകുപ്പിൽ സ്റ്റഡി ടൂറിന് ഒരുക്കം. വിവിധ ജില്ലകളിലുള്ള 104 ഉദ്യോഗസ്ഥർക്ക് പരിശീലനം നടക്കുന്ന വാളയാറിലെ സംസ്ഥാന ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് 48 പേരുമായി വ്യാഴാഴ്ച പഠനയാത്ര പോകാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. പരിശീലനത്തിനുള്ള ഏഴു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരുതവണ മാറ്റിവെച്ച യാത്രയാണ് വീണ്ടും നടത്താൻ നീക്കം നടക്കുന്നത്. ഫണ്ട് നഷ്ടപ്പെടുമെന്നുള്ള കാരണത്തിലാണ് ക്വാറന്റീനിലുള്ളവരെക്കൂടി ഉൾപ്പെടുത്തി യാത്ര പോകുന്നത്. സംസ്ഥാനത്തെ വിവിധ സാങ്ച്വറികളിലേക്കാണ് രണ്ടു സംഘങ്ങളായി തിരിഞ്ഞുള്ള യാത്ര. വനംമന്ത്രിയുടെ ഓഫീസോ സർക്കാരോ പറഞ്ഞാൽ മാത്രം യാത്ര ഉപേക്ഷിക്കാം എന്ന നിലപാടിലാണ് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ. വനംവകുപ്പ് ഉന്നതതലത്തിൽ നിന്നും ഫണ്ട് നഷ്ടമാവാതിരിക്കാൻ സ്റ്റഡി ടൂറിന് സമ്മർദ്ദമുണ്ടെന്നാണ് സൂചന.
സംസ്ഥാനത്ത് വനംവകുപ്പിൽ ഇരുന്നൂറോളം ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് അനൗദ്യോഗിക വിവരം. വകുപ്പ് ഔദ്യോഗികമായി കണക്കെടുപ്പ് ഇതുവരെ നടത്തിയിട്ടില്ല. കോവിഡ് സ്ഥിരീകരിച്ചെങ്കിലും പലരും പുറത്ത് പറയുന്നില്ലെന്ന. ഇതിനിടെയാണ് പരിശീലനത്തിലുള്ള ഏഴുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും സ്റ്റഡി ടൂർ പോകണമെന്ന വാശിയിൽ വാളയാർ പരിശീലനകേന്ദ്രം അധികൃതരുടെ നീക്കം.
വനംവകുപ്പിൽ പുതുതായി ജോലിയിൽ പ്രവേശിച്ചവർ മുതൽ 11 വർഷം സർവീസുള്ളവർ വരെ വാളയാറിലെ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്, ആദ്യ ബാച്ചിൽ 58 പേരും രണ്ടാം ബാച്ചിൽ 46 പേരും. രണ്ടു ബാച്ചുകളിലുമായി 46 വനിതാ ഉദ്യോഗസ്ഥരുണ്ട്. ആറുമാസത്തെ പരിശീലനം സെപ്റ്റംബറിലാണ് പരിശീനം തുടങ്ങിയത്.
ജനുവരി രണ്ടാംവാരം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന വനം കായികമേളയിൽ പങ്കെടുക്കുന്നതിന് വാളയാറിലെ പരിശീലനകേന്ദ്രത്തിൽ നിന്ന് 45 പേർ പോയിരുന്നു. തിരിച്ചെത്തിയപ്പോൾ ഇവരിൽ ഏഴു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ വാർത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് കഴിഞ്ഞ തിങ്കളാഴ്ച നടത്താനിരുന്ന സ്റ്റഡി ടൂർ മാറ്റിവെച്ചത്. ഇതിനിടെ പരിശീലനകേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിനൊപ്പം സ്ഥിരിമായി ഉണ്ടായിരുന്ന പ്രൈമറി കോൺടാക്ടിലുള്ളവർ പരിശീലനകേന്ദ്രത്തിലെ ഭക്ഷണശാലയിലടക്കം കയറി ഇറങ്ങുന്ന സ്ഥിതിയാണ്.
ഏഴുപേർക്ക് കോവിഡ് എന്ന വാർത്ത വന്നതിന് ശേഷം മറ്റാരെയും ടെസ്റ്റ് ചെയ്തിട്ടില്ലെന്ന് പരിശീലനകേന്ദ്രത്തിലുള്ളവർ തന്നെ പറയുന്നു. ക്വാറന്റീനിലുള്ളവരും അല്ലാത്തവരും പരസ്പരം ഇടപഴകുന്ന സ്ഥിതിയാണ്. കോവിഡ് മാനദണ്ഡങ്ങളൊന്നും തന്നെ പരിശീലനകേന്ദ്രത്തിൽ പാലിക്കുന്നുമില്ലെന്നും ഇവർ പറയുന്നു. ഈ ആശങ്കയ്ക്കിടെയാണ് വ്യാഴാഴ്ച സ്റ്റഡി ടൂറിന് ഒരുങ്ങാനുള്ള നിർദ്ദേശം ഉന്നതാധികൃതർ നൽകിയിരിക്കുന്നത്.
പരിശീലനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമാണ് സ്റ്റഡി ടൂർ. കേരളത്തിന്റെ തെക്കും വടക്കുമുള്ള സാങ്ച്വറികളിലേക്കാണ് യാത്ര. ഒരുവാഹനത്തിൽ 24 പേർ വീതമുള്ള രണ്ടു സംഘങ്ങളായി തിരിച്ചാണ് ഇവരെ കൊണ്ടുപോകുന്നത്. അമ്പതു വയസ്സിന് മുകളിലുള്ളവരും വിവിധ അസുഖങ്ങൾക്ക് ചികിത്സയിലുള്ളവരും കൂട്ടത്തിലുണ്ട്. സംസ്ഥാനത്ത് കോവിഡ് സാഹചര്യം രൂക്ഷമായി നിൽക്കുന്ന അവസ്ഥയിൽ സ്റ്റഡി ടൂർ മാറ്റിവെയ്ക്കണമെന്ന ട്രെയിനികളുടെ അപേക്ഷ അധികൃതർ തള്ളിക്കളഞ്ഞു. കോവിഡ് ലക്ഷണമുള്ളവരെ ടൂറിൽ നിന്നൊഴിവാക്കുന്നുമില്ല, ആർ.ടി.പി.സി.ആർ. ടെസ്റ്റിന് വിധേയരാക്കുന്നുമില്ലെന്നതാണ് പരിശീലനകേന്ദ്രത്തിലുള്ളവരെ ആശങ്കയിലാഴ്ത്തുന്നത്.
യാത്രമാറ്റിവെയ്ക്കണമെങ്കിൽ സർക്കാർ നിർദ്ദേശം വരണമെന്ന് മേധാവി
വാളയാർ: പരിശീലനത്തിന്റെ ഭാഗമായുള്ള പഠനയാത്ര മാറ്റിവെയ്ക്കണമെങ്കിൽ സർക്കാരിൽ നിന്നുള്ള പ്രത്യേക നിർദ്ദേശം വരണമെന്ന് വാളയാർ സംസ്ഥാന ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഹരികൃഷ്ണൻ നായർ പറഞ്ഞു. കുറച്ചു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു എന്നത് ശരിയാണ്. ബാക്കിയുള്ളവരെ ടെസ്റ്റ് നടത്തി എല്ലാവരും നെഗറ്റീവ് ആണ്. പോകുന്നവരാരും ജനങ്ങളുമായി ഇടപഴകില്ല, സാങ്ച്വറികളിലേക്ക് മാത്രമാണ് ഇവരുടെ യാത്ര. ഭക്ഷണവും താമസവുമെല്ലാം അവിടെ തന്നെയായിരിക്കും. ഇപ്പോൾ പോകാൻ സാധിക്കുന്നില്ലെങ്കിൽ ഇവർക്ക് സ്റ്റഡി ടൂർ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകും. അതൊഴിവാക്കാനാണ് യാത്ര നിശ്ചയിച്ചിരിക്കുന്നതെന്ന് ഹരികൃഷ്ണൻ നായർ പറഞ്ഞു.