കണ്ണൂർ > ഏപ്രിൽ ആറ് മുതൽ 10 വരെ കണ്ണൂരിൽ നടക്കുന്ന സിപിഐ എം 23ാം പാർട്ടി കോൺഗ്രസ് ലോഗോ പ്രകാശിപ്പിച്ചു. സംഘാടക സമിതി ഓഫീസിൽ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനാണ് ലോഗോ പുറത്തിറക്കിയത്. നാടക സംവിധായകൻ ഇബ്രാഹിം വെങ്ങര ഏറ്റുവാങ്ങി.
സിപിഐ എമ്മിന്റെ സവിശേഷത കൊണ്ടാണ് മാധ്യമങ്ങൾ പാർടി കോൺഗ്രസിന് വലിയ പ്രാധാന്യം നൽകുന്നതെന്ന് ഇ പി ജയരാജൻ പറഞ്ഞു. മാധ്യമങ്ങൾ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ചില പിശകുകളും പ്രചരിപ്പിക്കുന്നുണ്ട്. ജനങ്ങൾക്ക് വേണ്ടി മാധ്യമങ്ങൾ മുന്നോട്ട് വെക്കുന്ന ഏത് നിർദേശവും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കലാകാരന്മാരെ പാർടി എത്രമാത്രം സ്നേഹിക്കുന്നുവെന്നതിന്റെ തെളിവാണ് ലോഗോ പ്രകാശനത്തിൽ നാടകകാരനായ തന്നെ ക്ഷണിച്ചതിലൂടെ വ്യക്തമാവുന്നതെന്ന് ഇബ്രാഹിം വെങ്ങര അഭിപ്രായപ്പെട്ടു. മലയാള നാടക വേദിക്കുള്ള അംഗീകാരമായി ഇതിനെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ മനു കള്ളിക്കാടാണ് ലോഗോ തയ്യാറാക്കിയത്.
കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി വി ഗോപിനാഥ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം എം ഷാജർ നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ, ടി വി രാജേഷ്, എ എൻ ഷംസീർ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം പ്രകാശൻ, വത്സൻ പനോളി, എൻ ചന്ദ്രൻ, ടി കെ ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു.