തിരുവനന്തപുരം
ശ്രീചിത്രാ ഹോമിന്റെ മുറ്റത്ത് വീണ്ടും കല്യാണ മേളം. ഹോമിലെ അന്തേവാസികളായ എം ശ്രീലക്ഷ്മിയും എൽ ജെ അശ്വതിയും വ്യാഴാഴ്ച സ്വപ്നങ്ങളും പ്രതീക്ഷകളുമായി പുതിയൊരു ജീവിതത്തിന് തുടക്കമിടും. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും കുടുംബാംഗങ്ങൾ വിവാഹിതരാകുന്നതിന്റെ സന്തോഷത്തിലാണ് ഹോമിലെ താമസക്കാർ. സാരിയും ആഭരണവുമെല്ലാം വാങ്ങി കല്യാണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി.
പാച്ചല്ലൂർ ഏറുവിലാകത്ത് മേലേവീട്ടിൽ കെ ബാലചന്ദ്രന്റെ മകൻ ബി വിശാലാണ് ശ്രീലക്ഷ്മിയുടെ വരൻ. കൊല്ലം ജില്ലയിലെ പാരിപ്പള്ളി പുത്തൻകുളം കരിംപാലൂർ കാനാതാരിൽ മഠത്തിൽ എ ജയശ്രീയുടെയും പരേതനായ എസ് ആർ ശ്രീകുമാറിന്റെയും മകൻ എസ് വിഷ്ണു ദത്ത് അശ്വതിയെയും മിന്നുകെട്ടും. ശ്രീചിത്രാ ഹോമിലെ ഓഡിറ്റോറിയത്തിലാണ് വിവാഹം.
തൈക്കാട് ഗവ. ആർട്സ് കോളേജിൽനിന്ന് ബികോം ബിരുദം നേടിയ ശ്രീലക്ഷ്മി തയ്യലിലും മിടുക്കിയാണ്. ആറു വർഷം മുമ്പാണ് ഈ ഇരുപത്തിരണ്ടുകാരി ശ്രീചിത്രാ ഹോമിൽ എത്തുന്നത്. പെയിന്റിങ് കോൺട്രാക്ടറാണ് വരൻ വിശാൽ. തയ്യൽ തന്നെയാണ് ഇരുപത്തിനാലുകാരിയായ അശ്വതിയുടെയും മേഖല. ആറാം ക്ലാസുമുതൽ ഹോമിലെ അന്തേവാസിയാണ്. വരൻ വിഷ്ണുദത്ത് അമ്പലത്തിൽ ശാന്തിയാണ്. ഇരുവർക്കും നൽകുന്ന അഞ്ച് പവൻ വീതം സ്വർണവും സദ്യയും ഉൾപ്പെടെ കല്യാണത്തിന്റെ മുഴുവൻ ചെലവുകളും സ്പോൺസർഷിപ്പിലൂടെയാണ് കണ്ടെത്തിയത്.