കോട്ടയം
യുവാവിനെ ഗുണ്ടാസംഘം മർദിച്ച് കൊന്ന് പൊലീസ് സ്റ്റേഷനുമുമ്പിൽ കൊണ്ടിട്ട സംഭവത്തിൽ അഞ്ചുപേർ പിടിയിൽ. മുഖ്യപ്രതിയും ഗുണ്ടാനേതാവുമായ ജോമോൻ, ഷാനിനെ തട്ടിക്കൊണ്ടുപോയ ഓട്ടോറിക്ഷ ഡ്രൈവറും അഞ്ചാം പ്രതിയുമായ ബിനു എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലയാളിസംഘാംഗങ്ങളായ രണ്ടാം പ്രതി ലുതീഷ് എന്ന പുൽച്ചാടി, സുധീഷ്, കിരൺ എന്നിവർ കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യംചെയ്തുവരികയാണ്.
ജോമോനുമായി ചൊവ്വാഴ്ച കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ റിജോ പി ജോസഫിന്റെ നേതൃത്വത്തിൽ മാങ്ങാനത്തെ പാടത്ത് തെളിവെടുപ്പ് നടത്തി. ഇവിടെവച്ചാണ് ഷാനിനെ സംഘം മണിക്കൂറുകളോളം മർദിച്ചത്. ഷാനിന്റെ ബെൽറ്റ്, കൊന്ത, അടിവസ്ത്രം, ഷർട്ടിന്റെ ഭാഗങ്ങൾ എന്നിവ കണ്ടെടുത്തു.
ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് സംഭവത്തിനുപിന്നിലെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പ പറഞ്ഞു. ജോമോന്റെ സംഘത്തിലുള്ള ഒരാളെ തൃശൂരിൽ സൂര്യൻ എന്ന ഗുണ്ടയുടെ അനുയായികൾ മർദിച്ചിരുന്നു. മർദിച്ചവർ ഈ ദൃശ്യം സമൂഹമാധ്യമത്തിൽ ഇട്ടു. ഇതിന് ഷാൻ ലൈക്കും കമന്റും ചെയ്തു. പോസ്റ്റ് ഇട്ടവരെക്കുറിച്ച് അറിയാനാണ് ജോമോൻ ഷാനിനെ തട്ടിക്കൊണ്ടുപോയത്. ഓട്ടോറിക്ഷയിൽ ചുറ്റിയ സംഘം മാങ്ങാനത്തെ പാടത്തിനുസമീപം ഷാനിനെ ക്രൂരമായി മർദിച്ചു. ദേഹത്ത് 38 പാടുണ്ടായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹവുമായി ഊടുവഴികളിലൂടെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപമെത്തി. നൂറുമീറ്റർ അകലെ ഓട്ടോ നിർത്തി ജോമോൻ മൃതദേഹം ചുമന്നുകൊണ്ടുവന്ന് പൊലീസ് സ്റ്റേഷനുമുമ്പിൽ ഇടുകയായിരുന്നു. അപ്പോഴേക്കും കൂടെയുണ്ടായിരുന്നവർ ഓട്ടോയിൽ രക്ഷപ്പെട്ടു.
കോട്ടയത്തെ ഗുണ്ടാസംഘാംഗങ്ങളായ 13 പേരെ ചോദ്യംചെയ്തു. ഷാൻ കഴിഞ്ഞവർഷം വാളയാർ ചെക്ക് പോസ്റ്റ് വഴി 30 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ പിടിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്നു. സംഭവത്തിൽ പൊലീസ് അനാസ്ഥ കാണിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഷാനിനെ കാണാതായ വിവരം കിട്ടിയപ്പോഴേ വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരുന്നു. ഗുണ്ടകളുടെ മേൽ കാപ്പ ചുമത്തുന്നതടക്കം പതിവായി നടപടികളെടുക്കുന്നുണ്ട്. കരുതൽ അറസ്റ്റ് അടക്കമുള്ള നടപടി ശക്തമാക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ആളൊഴിഞ്ഞ പാടത്ത് ക്രൂരമർദനം; ലക്ഷ്യം പ്രതികാരം
ഷാനിനെ തട്ടിക്കൊണ്ടുപോയ ജോമോനും സംഘവും മാങ്ങാനം ആനത്താനത്തെ ഒഴിഞ്ഞ പാടത്തേക്കാണ് പോയത്. സമീപത്ത് വീടുകളൊന്നുമില്ല. ഇവിടെയെത്തിയ ശേഷം പ്രതികൾ മദ്യപിച്ചു. ജോമോന്റെ സംഘാംഗത്തെ മർദിക്കുന്ന വീഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തയാളുടെ വിവരങ്ങൾ ചോദിച്ചുകൊണ്ടായിരുന്നു മർദനം. ഇത് നാലുമണിക്കൂറോളം നീണ്ടു.
വായിൽ തുണിതിരുകിയായിരുന്നു അഞ്ചുപേരും ചേർന്ന് മർദിച്ചത്. ദേഹമാകെ കാപ്പിവടികൊണ്ട് അടിച്ചു. കണ്ണുകളിൽ വിരൽകൊണ്ട് കുത്തി. മൃതദേഹത്തിന്റെ കണ്ണുകൾ വീങ്ങിയാണിരുന്നത്. തലച്ചോറിന് ക്ഷതമേറ്റ് ഷാൻ മരിച്ചു. വീഡിയോയിൽ കണ്ട അതേ മാതൃകയിലായിരുന്നു ജോമോനും കൂട്ടരും ഷാനിനെ മർദിച്ചത്. ശത്രുവായ ഗുണ്ടാനേതാവ് സൂര്യന്റെ സുഹൃത്താണ് ഷാൻ എന്ന് ജോമോന് അറിയാമായിരുന്നു. തന്റെ അനുയായിയോട് ചെയ്തതെല്ലാം തിരിച്ചുചെയ്ത് പ്രതികാരം തീർക്കുകയായിരുന്നു ജോമോന്റെ ലക്ഷ്യം.
പൊലീസിനെ വെല്ലുവിളിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു സംഘം കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. മെയിൻ റോഡിലൂടെ വന്നാൽ വാഹനപരിശോധന കാണുമെന്ന ധാരണയിൽ ഊട് വഴികളിലൂടെ സ്റ്റേഷനടുത്തെത്തി. സ്റ്റേഷന് നൂറുമീറ്റർ മാറിയാണ് ഓട്ടോ നിർത്തിയത്. കൂടെയുള്ള നാലുപേരും സ്റ്റേഷന് സമീപത്തേക്ക് വരാൻ തയ്യാറായില്ല. ഇതോടെ ജോമോൻ ഒറ്റക്ക് മൃതദേഹം ചുമന്ന് സ്റ്റേഷനുമുമ്പിൽ കൊണ്ടിടുകയായിരുന്നു.
ജോമോന്റെ പേരിൽ
2018 ലും കാപ്പ
റിപ്പോർട്ട് നൽകി
ഷാൻ വധക്കേസിലെ മുഖ്യപ്രതി ജോമോനെതിരെ 2018ലും കാപ്പ സെക്ഷൻ മൂന്ന് പ്രകാരം പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. പക്ഷേ ഇത് കലക്ടർ തള്ളുകയായിരുന്നു. ജോമോന്റെ പേരിൽ 15 കേസുകളുണ്ട്. കഴിഞ്ഞ നവംബർ 17ന് കാപ്പ ചുമത്തി ജില്ലയിൽനിന്ന് പുറത്താക്കി. കാപ്പ അഡ്വൈസറി ബോർഡ് ഇത് റദ്ദാക്കിയതോടെ ഡിസംബർ 31ന് ജില്ലയിൽ തിരിച്ചെത്തി.
രണ്ടാം പ്രതിയായ പുൽച്ചാടി എന്ന് വിളിപ്പേരുള്ള ലുതീഷിന്റെ പേരിൽ 17 കേസുകളുണ്ട്. ഇയാൾക്കെതിരെ 2019ൽ കാപ്പ ചുമത്തുകയും ബോർഡ് തള്ളുകയും ചെയ്തിരുന്നു. അഞ്ചാം പ്രതിയായ ഓട്ടോറിക്ഷാ ഡ്രൈവർ ബിനുവിന്റെ പേരിൽ മുമ്പ് കേസുകളൊന്നുമില്ല.