ന്യൂഡൽഹി
പഞ്ചാബില്‍ ഭഗ്വന്ത് മാനിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ആംആദ്മി പാർടി. പൊതുജനങ്ങളിൽനിന്ന് അഭിപ്രായശേഖരണം നടത്തിയാണ് പ്രഖ്യാപനം. ഫോണിലൂടെയും വാട്സാപ്പിലൂടെയും നടത്തിയ വോട്ടെടുപ്പിൽ 93 ശതമാനവും സംസ്ഥാന അധ്യക്ഷനും പാർലമെന്റ് അംഗവുമായ ഭഗ്വന്ത് മാനിന്റെ പേരാണ് നിർദേശിച്ചത്. 21 ലക്ഷം പേർ പങ്കെടുത്തു. കോൺഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ദുവിന് മൂന്ന് ശതമാനം വോട്ട് ലഭിച്ചതായി ആംആദ്മി പാർടി അധ്യക്ഷൻ കെജ്രിവാൾ അറിയിച്ചു. കെജ്രിവാളിന്റെ പേരും നിർദേശിച്ചെങ്കിലും പരിഗണിച്ചില്ല. എഎപി ജയിച്ച് മാൻ മുഖ്യമന്ത്രിയാകുമെന്ന് കെജ്രിവാൾ അവകാശപ്പെട്ടു.
ഹാസ്യതാരമായ ഭഗ്വന്ത് മാൻ 2014ലാണ് എഎപിയിൽ ചേർന്നത്. 2014ൽ സംഗ്രൂരിൽനിന്ന് പാർലമെന്റ് അംഗമായി. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റു. 2019ൽ സംഗ്രൂരിൽനിന്ന് ലോക്സഭാംഗമായി. 117 അംഗ പഞ്ചാബ് നിയമസഭയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എഎപി 20 സീറ്റ് നേടി.
ഫെബ്രുവരി 20നാണ് വോട്ടെടുപ്പ്. അഭിപ്രായസർവേ ഫലങ്ങൾ എഎപിക്ക് അനുകൂലമാണ്. ഒടുവിൽ പുറത്തുവന്ന റിപ്പബ്ലിക് ടിവി സർവേയിലും അമ്പതിലേറെ സീറ്റ് നേടി എഎപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് പ്രവചനം.