കൊച്ചി
മറ്റു സംസ്ഥാനങ്ങളിൽ കോവിഡ് പരിശോധന നടക്കാത്തതിനാലാണ് കേസുകളുടെ എണ്ണത്തിൽ കുറവ് കാണുന്നതെന്ന് ഡോ. കഫീൽഖാൻ പറഞ്ഞു. കേരളത്തിൽ പരിശോധന കൃത്യമായി നടക്കുന്നതിനാലാണ് കേസുകൾ കൂടിനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുസ്തകം പ്രകാശിപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരമുപയോഗിച്ച് ജുഡീഷ്യറിയെ സ്വാധീനിക്കാൻ കഴിയുന്ന സാഹചര്യമാണ് യുപിയിൽ നിലനിൽക്കുന്നത്. ആരോഗ്യസംവിധാനം താറുമാറാണ്. ഗൊരഖ്പൂരിലെ മെഡിക്കൽ കോളേജിൽ ഓക്സിജൻ കിട്ടാതെ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് 20 ലക്ഷംവീതം നൽകണമെന്ന വിധി നടപ്പാക്കാൻ യുപി സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്നും സംഭവം ലോകത്തെ അറിയിച്ചതിന് ആദിത്യനാഥ് സർക്കാർ ജയിലിൽ അടച്ച ഡോ. കഫീൽ ഖാൻ പറഞ്ഞു.
പുറത്തുവന്നതിലപ്പുറം പറയാനുള്ളതിനാലാണ് ‘ദ ഗൊരഖ്പുർ ഹോസ്പിറ്റൽ ട്രാജഡി’ എന്ന പുസ്തകം എഴുതിയത്. ഇപ്പോൾ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഹിന്ദിയും ഉറുദുവും പതിപ്പുകൾ തയ്യാറായിട്ടുണ്ടെങ്കിലും പ്രസാധകരെ കിട്ടാത്ത സ്ഥിതിയാണ്. മലയാളം പതിപ്പ് മാർച്ചോടെ പുറത്തിറങ്ങുമെന്നും ഡോ. ഖാൻ പറഞ്ഞു. പുസ്തകം എറണാകുളം പ്രസ്ക്ലബ്ബിൽ പ്രകാശിപ്പിച്ചു. ഡോ. കഫീൽഖാനിൽനിന്ന് ഹൈബി ഈഡൻ എംപി ഏറ്റുവാങ്ങി.