രാഹുൽ ഗാന്ധിയുടെ പിതാവും മുത്തശിയുമെല്ലാം എഴുതി വായിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ലഭ്യമാണ്. പറയുന്ന കാര്യത്തോട് ഉത്തരവാദിത്തമുള്ള ഭരണാധികാരികൾ അന്താരാഷ്ട്ര വേദികളിൽ എഴുതി തയ്യാറാക്കിയ പ്രസംഗം പേപ്പറിൽ നോക്കിയോ ടെലി പ്രോംപ്റ്റർ സഹായത്താലോ അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്ദീപിൻ്റെ പരിഹാസം.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
പറയുന്ന കാര്യത്തോട് ഉത്തരവാദിത്തമുള്ള ഭരണാധികാരികൾ അന്താരാഷ്ട്ര വേദികളിൽ എഴുതി തയ്യാറാക്കിയ പ്രസംഗം പേപ്പറിൽ നോക്കിയോ ടെലി പ്രോംപ്റ്റർ സഹായത്താലോ അവതരിപ്പിക്കും . അതാണ് കീഴ്വഴക്കവും പതിവും. രാഹുൽ ഗാന്ധിയുടെ പിതാവും മുത്തശ്ശിയുമെല്ലാം എഴുതി വായിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ലഭ്യമാണ്. രാജ്യത്തിൻറെ പ്രധാനമന്ത്രി അന്താരാഷ്ട്ര വേദികളിൽ പ്രസംഗിക്കുന്നത് രാജ്യത്തിന് വേണ്ടിയാണ് . ഇന്നലെ പ്രസംഗം തടസ്സപ്പെട്ടപ്പോഴും അദ്ദേഹം ഇന്ത്യയെക്കുറിച്ചായിരുന്നു പ്രസംഗിച്ചിരുന്നത്. ബിജെപിയെക്കുറിച്ചായിരുന്നില്ല. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും രാജ്യത്തിന് ഒരു പ്രതിസന്ധി വന്നപ്പോൾ ഐക്യരാഷ്ട്ര സഭയിൽ പോയി പ്രസംഗിച്ച് രാജ്യത്തെ വിജയിപ്പിച്ചു വന്ന അടൽ ബിഹാരി വാജ്പേയിയെ ഈ നിമിഷം സ്മരിക്കുന്നു. രാഹുൽ ഗാന്ധിയിൽ നിന്ന് ആ സംസ്കാരം പ്രതീക്ഷിക്കാൻ കഴിയില്ലല്ലോ.
“ടെലിപ്രോംപ്റ്ററിനു പോലും ഇത്രയധികം നുണകൾ താങ്ങാനാവില്ല” എന്നായിരുന്നു മോദിയുടെ പ്രസംഗം തടസപ്പെട്ട സംഭവത്തിൽ രാഹുൽ ട്വീറ്റ് ചെയ്തത്. ടെലിപ്രോപ്റ്ററില്ലാതെ പ്രധാനമന്ത്രിക്ക് സംസാരിക്കാൻ അറിയില്ലെന്ന മുൻ പ്രസ്താവനയും രാഹുൽ പങ്കുവെച്ചിട്ടുണ്ട്. ടെലിപ്രോംപ്റ്റർ പണിമുടക്കിയതോടെ പ്രസംഗിക്കാൻ ബുദ്ധിമുട്ടുന്ന മോദിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. “എനിക്ക് താങ്കളെ കേൾക്കാം സംസാരം തുടർന്നോളൂ” എന്ന് ചർച്ചയുടെ മോഡറേറ്റർ പറയുന്നുണ്ടെങ്കിലും പ്രസംഗം തുടരാനാകാതെ ബുദ്ധിമുട്ടുന്ന പ്രധാനമന്ത്രിയെ വീഡിയോയിൽ കാണാം.