പഠനം ഓൺലൈനാക്കുന്ന കാര്യമാണ് പരിശോധിക്കുന്നത്. വ്യാഴാഴ്ച ചേരുന്ന കൊവിഡ് അവലോകന സമിതിയുടെ നിർദ്ദേശം കൂടി പരിഗണിച്ചാവും തീരുമാനം. ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ പതിനഞ്ച് ദിവസത്തേക്ക് അടച്ചിടാൻ പ്രിൻസിപ്പാൽമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ സാന്നിധ്യത്തിൽ വ്യാഴാഴ്ച ചേരുന്ന നിർണായക കൊവിഡ് അവലോകന യോഗത്തിൽ കോളേജുകൾ അടയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും. യോഗത്തിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങളിൽ കോളേജ് അടയ്ക്കുന്ന കാര്യം ഉൾപ്പെടുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെ നൂറിലേറെ ക്ലസ്റ്ററുകൾ രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം ചർച്ച ചെയ്യും. രാത്രികാല നിയന്ത്രണം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സ്കൂളുകൾക്കുള്ള നിയന്ത്രണം തുടരണോയെന്ന് ഫെബ്രുവരി രണ്ടാംവാരം തീരുമാനിക്കും. ഒന്ന് മുതൽ ഒൻപതുവരെ ക്ലാസുകാർക്ക് 21 മുതൽ രണ്ടാഴ്ചത്തേക്ക് പഠനം വീണ്ടും ഓൺലൈനിലാക്കാൻ കൊവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു.
കേരളത്തിൽ പ്രതിദിന കൊവിഡ് കേസുകൾ ഉയരുകയാണ്. ആരോഗ്യവകുപ്പ് ഇന്ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം പുതിയതായി 28,481 പേര്‍ക്ക് കൂടി സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,422 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,64,003 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5419 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 944 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1,42,512 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,36,013 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 39 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീം കോടതി വിധിപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 83 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,026 ആയി.