താമരശേരി > പുതുപ്പാടി കൈതപ്പൊയിലിൽ മർക്കസ് നോളജ് സിറ്റിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നുവീണ സംഭവത്തിൽ ഒഴിവായത് വൻ ദുരന്തം. ചൊവ്വാഴ്ച പകൽ 11.20നായിരുന്നു അപകടം. നോളജ് സിറ്റിയിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കെട്ടിടത്തിന്റെ ഒന്നാം നിലയുടെ വാർപ്പ് നടക്കുന്നതിനിടെ ഒരു ഭാഗത്തെ പലക ഇളകി കോൺക്രീറ്റ് മിശ്രിതവും തൊഴിലാളികളും താഴേക്ക് പതിക്കുകയായിരുന്നു.
അപകടത്തിൽ സൈറ്റ് എൻജിനിയർ അപർണയ്ക്കും ഇതര സംസ്ഥാന തൊഴിലാളികളായ 23 പേർക്കുമാണ് പരിക്കേറ്റത്. ഉടൻ തന്നെ മറ്റ് തൊഴിലാളികളും നാട്ടുകാരും ചേർന്ന് മണ്ണ്മാന്തി യാന്ത്രം ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തി കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്തിനാൽ വൻ ദുരന്തം ഒഴിവായി.
താമരശേരി, കോടഞ്ചേരി പൊലീസും മുക്കത്ത് നിന്നെത്തിയ അഗ്നി ശമനസേനയും രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും കോഴിക്കോട്ടെ സ്വകാര്യ അശുപത്രിയിലും താമരശേരി താലൂക്ക് ആശുത്രിയിലുമായി പ്രവേശിപ്പിച്ചു.
പരിക്കേറ്റവർ: പ്രഭാ സർക്കാർ (27), മിഥുൻ മംഗൽ (24), ഹേമന്ത് (26), തപ്പൽ സർക്കാർ (52), അബുഹുസൈൻ (25), ജഗൂർ അലം (21), അമ്പാടി കുട്ടൻ (47), ശിവശങ്കരൻ (30), സദ്ദാം ഹുസൈൻ (37), അനീഫ (18), വിഷ്ണു ബോറ (22), കഖർ ബോറ (22), സമീർ (25), പെരുത്തോസ് (19), ചിരജിത്ത് (21), ശങ്കർ വിശ്വാസ് (45), ഷരിഫുൾ (28), സൽമാൻ (25), പിങ്കു (24), സുദേവ് (23), മിധുൻ (25), മക്ഷത്ത് (19), മോദി ഉൽ ഹക്ക് (26).