ആലുവ: നിയമ വിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യചെയ്ത സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു.ഭർത്താവ് മുഹമ്മദ് സുഹൈൽ (27) ആണ് ഒന്നാം പ്രതി. സുഹൈലിന്റെ മാതാപിതാക്കളായ യൂസഫ് (63), റുഖിയ (55)എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ.
മൊഫിയ സ്ത്രീധന പീഡനത്തിനും ഗാർഹിക പീഡനത്തിനും ഇരയായെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. അന്വേഷണം നടത്തിയ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം, മൊഫിയയുടെ ആത്മഹത്യാ കുറിപ്പിൽ പരാമർശമുള്ള മുൻ ആലുവ സി.ഐ. സി.എൽ. സുധീറിന്റെ പങ്കിനെ പറ്റി കുറ്റപത്രത്തിൽ പരാമർശമില്ല.
മൊഫിയ ആലുവ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ സുധീറിന്റെ ഇടപെടലുകളെ പറ്റിയുള്ള വകുപ്പുതല അന്വേഷണം കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ കെ.എഫ്. ഫ്രാൻസിസ് ഷെൽബിയുടെ നേതൃത്വത്തിൽ നടക്കുകയാണ്. കഴിഞ്ഞ നവംബർ 22-നാണ് മൊഫിയ സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്തത്.
Content Highlights: mofiya parveen death case