കൊച്ചി: മഹാത്മാഗാന്ധി സർവകലാശാല രാജ്യാന്തര പഠനവിഭാഗം മേധാവിയും അധ്യാപകനുമായിരുന്ന ഡോ. രാജു കെ. താടിക്കാരൻ (66) അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച്ച പുലർച്ചെയായിരുന്നു അന്ത്യം. മൂന്നു പതിറ്റാണ്ട് നീണ്ടു നിന്ന സേവനത്തിനു ശേഷം 2016-ൽ ആണ് സർവകലാശാലയിൽ നിന്ന് വിരമിച്ചത്. സർവകലാശാലയിൽ യൂജിസി സഹായത്തോടെ ആരംഭിച്ച സമകാലിക ചൈനീസ് പഠന വിഭാഗത്തിന്റെ സ്ഥാപക ഡയറക്ടറുമായിരുന്നു.
സർവകലാശാലയിലെ അന്തർദേശീയ സഹകരണ കേന്ദ്രം സ്ഥാപക ഡയറക്ടർ, പബ്ലിക് പോളിസി ആൻഡ് ഗവർണൻസ് കോഓർഡിനേറ്റർ, സെനറ്റ് അക്കാദമിക് കൗൺസിൽ അംഗം, ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ചൈനയിലെ ജിനാൻ നാഷണൽ സർവകലാശാലയിലും കാനഡയിലെ മക്ഗിൽ സർവകലാശാലയിലും വിസിറ്റിംഗ് ഫെല്ലോ ആയും അമേരിക്ക, ദക്ഷിണ കൊറിയ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ അക്കാദമിക് സഹകരണ സംരംഭങ്ങളിലുംപ്രവർത്തിച്ചിട്ടുണ്ട്.
ബൗദ്ധിക സ്വത്തവകാശം, അന്താരാഷ്ട്ര സാങ്കേതികവിദ്യാ കൈമാറ്റം, ചൈനീസ് രാഷ്ട്രീയവും വിദേശകാര്യവും, ഉന്നതവിദ്യാഭ്യാസമേഖലയിലെ രാജ്യാന്തരവൽക്കരണം തുടങ്ങിയ മേഖലകളിൽ ഗവേഷണവും പ്രബന്ധങ്ങളും സംഭാവന ചെയ്തിട്ടുണ്ട്. യൂജിസി, ഐ.സി.എസ്.എസ്.ആർ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചു നിരവധി പ്രൊജെക്ടുകൾ അവതരിപ്പിച്ചു. മഹാത്മാഗാന്ധി സർവകലാശാല അധ്യാപക സംഘടനയുടെ പ്രസിഡന്റായിരുന്ന ഡോ.രാജു കെ താടിക്കാരൻ അന്താരാഷ്ട്ര വിദ്യാഭ്യാസ സഹകരണത്തിനുള്ള നിരവധി സമ്മേളനങ്ങളിൽ പ്രതിനിധിയായിരുന്നു.
കോട്ടയം ചിലമ്പത്തു കുടുംബാംഗമായ ഷേർളി ആണ് പത്നി. പാരിസിലെ നിയമകാര്യ വിദഗ്ദ്ധനായ മനു താടിക്കാരൻ മകൻ. ജോളി താടിക്കാരൻ (ദില്ലി ), ജോഷി താടിക്കാരൻ (ജനീവ), മിനി, മോളി, ഷീല, സോഫി എന്നിവർ സഹോദരങ്ങൾ.
ഭൗതിക ശരീരം വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കോട്ടയത്തെ വീട്ടിൽ എത്തിക്കും. സംസ്കാരം വെളളിയാഴ്ച വൈകുന്നേരം 4.30 നു തൃശൂർ വെണ്ണൂർ-അന്നമനട സെന്റ്റ് മേരിസ് പള്ളിയിൽ
Content Highlights: MG University Professor Raju K Thadikkaran dies