തിരുവനന്തപുരം: സംസ്ഥാനത്ത് 63 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തൃശൂർ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട് 2, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
നാലുപേർ വിവിധ രാജ്യങ്ങളിൽനിന്നും വന്ന തമിഴ്നാട് സ്വദേശികളാണ്. 36 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും ഒൻപതു പേർ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. ഒൻപതു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. ഒൻപതു പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. തിരുവനന്തപുരത്തുള്ള ഏഴു പേർക്കും തൃശൂരിലെ രണ്ടു പേർക്കുമാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ ആറു പേർ സ്വകാര്യ കോളേജിലെ വിദ്യാർഥികളാണ്. ടൂർ പോയി വന്നശേഷം കോവിഡ് ക്ലസ്റ്റർ ആയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ ഈ കോളേജ് ഒമിക്രോൺ ക്ലസ്റ്ററായിട്ടുണ്ട്.
സംസ്ഥാനത്ത് ആകെ 591 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്ക് രാജ്യങ്ങളിൽനിന്ന് 401 പേരും ഹൈ റിസ്ക് രാജ്യങ്ങളിൽനിന്ന് ആകെ 101 പേരും എത്തിയിട്ടുണ്ട്. 70 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന 19 പേരാണുള്ളത്.
Content Highlights :63 more tested positive for Omicron in kerala