തിരുവനന്തപുരം: കോവിഡിന്റെ ഒന്നും രണ്ടും തരംഗത്തെ നേരിടാൻ നടത്തിയ തയ്യാറെടുപ്പുകകൾ പോലും മൂന്നാം തരംഗത്തിൽ ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ആരോഗ്യവകുപ്പിനെ നിശ്ചലമാക്കി നിർത്തിക്കൊണ്ടുള്ള പ്രവർത്തനമാണ് നടക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടർക്കോ, അഡീഷണൽ ഡയറക്ടർമാർക്കോ, ജില്ലാ മെഡിക്കൽ ഓഫീസർമാർക്കോ, താഴേ തലത്തിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രമുൾപ്പെടെയുള്ളവർക്കോ ഒരു പങ്കുമില്ലാത്ത സംവിധാനങ്ങളാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
രണ്ടാഴ്ചക്കുള്ളിൽ രോഗം വ്യാപകമായി പകരുമെന്ന ആരോഗ്യ മന്ത്രിയുടെ മുന്നറിയിപ്പല്ലാതെ ഇതിനെ നേരിടാനുള്ള ഒരു മാർഗനിർദേശവും ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ആളുകൾ കോവിഡ് കിറ്റ് വാങ്ങി സ്വയം ടെസ്റ്റ് നടത്തി, അത് പുറത്തറിയിക്കാതെ മരുന്ന് കഴിച്ച് വീട്ടിലിരിക്കുകയാണ്. ഗുരുതരമായ രോഗം ബാധിച്ചവർക്ക് കൊടുക്കാനുള്ള മരുന്ന് സർക്കാരിന്റെ കൈവശമില്ല. ആന്റി വൈറൽ മരുന്നുകൾ ഉൾപ്പെടെ മരുന്നുകളുടെ ഗുരുതരമായ ക്ഷാമം വ്യാപകമായിട്ടുണ്ട്.
കോവിഡിനെ നേരിടാനുള്ള ഒരു തയ്യാറെടുപ്പും സർക്കാർ നടപ്പാക്കിയിട്ടില്ല. നേരത്തെയുണ്ടായിരുന്ന കോവിഡ് ബ്രിഗേഡ് പൂർണമായും പിരിച്ചുവിട്ടു. രോഗം ഗുരുതരമാകുന്നവർക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ നിർബന്ധിതരാക്കുന്ന തരത്തിൽ കാര്യങ്ങൾ മാറി. അപകടകരമായ സ്ഥിതിവിഷേധമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്.
സംസ്ഥാനത്ത് സ്കൂളുകൾ ഇപ്പോഴും തുറന്ന് പ്രവർത്തിക്കുകയാണ്. പല സ്കൂളുകളും ക്ലസ്റ്ററുകളായി മാറി. ഇത്രയും രോഗവ്യാപനമുണ്ടായിട്ടും 21 വരെ സ്കൂളുകൾ അടക്കാൻ കാത്തിരുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. സെക്രട്ടറിയേറ്റിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ, വിവിധ സ്ഥാപനങ്ങളിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ എല്ലാം വ്യാപകമായി രോഗബാധ ഉണ്ടായിട്ടുണ്ടെന്നതാണ് വിവരം. ഗവൺമെന്റ് അടിയന്തരിമായി ഇക്കാര്യത്തിൽ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights:V D Satheesan against Government on Covid situation