മുഖ്യമന്ത്രിയെ കൂടാതെ ആരോഗ്യ വകുപ്പ് മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, വകുപ്പു സെക്രട്ടറിമാർ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. സമ്പൂർണ്ണ ലോക്ക്ഡൗൺ സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കുന്നത് ഗുണകരമായിരിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തൽ.
സെക്രട്ടറിയേറ്റിലും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കിടയിലും പോലീസുകാര്‍ക്കിടയിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വര്‍ദ്ധനവുണ്ട്.
ചികിത്സയ്ക്കായി കൂടുതൽ സിഎഫ്എൽടിസികൾ തുറക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഡോക്ടറുടെ സേവനം ആവശ്യമില്ലാത്ത ആളുകളെ ഈ കേന്ദ്രങ്ങളിലേക്ക് മാറ്റും. പത്ത് ദിവസത്തിനിടെ രോഗികളുടെ എണ്ണത്തിൽ നാലിരട്ടി വർദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.
ജനുവരി ഏഴിന് കൊവിഡ് കേസുകള്‍ 5,000ന് മുകളിലായിരുന്നു. അത് കേവലം 10 ദിവസം കൊണ്ട് നാലിരട്ടിയിലധികമായി വര്‍ധിച്ചു. ജനുവരി 12ന് 12,000ന് മുകളിലും ജനുവരി 17ന് 22,000ന് മുകളിലും എത്തിയിട്ടുണ്ട്. ഇനിയും കൊവിഡ് കേസുകള്‍ കുത്തനെ ഉയരാതിരിക്കാന്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കൊവിഡ് കേസുകളില്‍ ഏകദേശം 60,161 വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ 182 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍ 160 ശതമാനവും, ആശുപത്രികളിലെ രോഗികള്‍ 41 ശതമാനവും, ഫീല്‍ഡ് ആശുപത്രികളിലെ രോഗികള്‍ 90 ശതമാനവും, ഐസിയുവിലെ രോഗികള്‍ 21 ശതമാനവും, വെന്റിലേറ്ററിലെ രോഗികള്‍ 6 ശതമാനവും, ഓക്‌സിജന്‍ കിടക്കകളിലെ രോഗികള്‍ 30 ശതമാനവും വര്‍ധിച്ചിട്ടുണ്ട്.