കാഞ്ഞങ്ങാട്> കെപിസിസി പ്രസിഡന്റ് കെ സുധാകരന് കേരളത്തിലെ കോണ്ഗ്രസിന് ബാധ്യതയാവുമെന്ന് എന്സിപി അധ്യക്ഷന് പി സി ചാക്കോ. കൊലപാതകികളെയും അക്രമരാഷ്ടീയത്തെയും ന്യായീകരിക്കുന്നതും അക്രമികളെ സംരക്ഷിക്കുന്നതും കോണ്ഗ്രസ് ശൈലിയല്ല. ഇടുക്കിയില് എസ്എഫ്ഐ പ്രവര്ത്തകന് ധീരജിനെ യൂത്ത് കോണ്ഗ്രസുകാര് കൊലപ്പെടുത്തിയത് പോലും വിവാദമാക്കി മാധ്യമങ്ങളില് നിറഞ്ഞു നില്ക്കാനാണ് സുധാകരന്റെ ശ്രമമെന്ന് അദ്ദേഹം വാര്ത്താസമ്മേളനത്തില് പറഞ്ഞു.
ഹൈ സ്പീഡ് റെയില്വേ കൊണ്ടുവരാന് ശ്രമിച്ചവരാണ് സെമി ഹൈ സ്പീഡ് റെയില്വേക്കെതിരെ രംഗത് വരുന്നത് എന്നത് എറ്റവും വലിയ തമാശയാണ്. ഇടതുപക്ഷത്തിന്റെ കാലത്ത് വികസനം വരുന്നതാണ് കെ റെയില് എതിര്പ്പിന് കാരണം. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് കെ റെയില് കേരളത്തില് നടപ്പാക്കും. ഇത്തരം സമരം കൊണ്ടൊന്നും കോണ്ഗ്രസിന് ജനമനസ്സില് ഇടം നേടാനോ പിടിച്ചു നില്ക്കാനോ ആവില്ലെന്നും ചാക്കോ പറഞ്ഞു.
നാടിന് നല്ല സന്ദേശങ്ങള് നല്കുന്നവരായിരിക്കണം വാര്ത്തയിലെ താരങ്ങളാവേണ്ടത്. യഥാര്ഥ താരമാരാണെന്ന് ജനങ്ങള്ക്കറിയാം. മലയാള മനോരമ വാര്ത്ത താരമായി കെ. സുധാകരനെ തെരഞ്ഞെടുത്തത് സംബന്ധിച്ച മാധ്യമ പ്രവര്ത്തകരുടെ ചോദ്യത്തിന് മറുപടിയായി പി സി ചാക്കോ പറഞ്ഞു.