ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി എൻ സൂരജ്, ദിലീപിന്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ ജാമ്യാപേക്ഷയാണ് മാറ്റിവെച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജാമ്യാപേക്ഷ നൽകിയ പ്രതികളുടെ വീടുകളിൽ പരിശോധന നടത്തുന്നതിനോ ചോദ്യം ചെയ്യുന്നതിനോ കോടതി വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
പ്രതികൾക്കെതിരായി കൂടുതൽ തെളിവ് ശേഖരിക്കുന്നതിനായി പോലീസ് ആവശ്യപ്പെട്ടതു പ്രകാരമാണ് പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടത്. ദിലീപ് അടക്കമുള്ളവരുടെ വീടുകളിൽ നിന്നും ശേഖരിച്ച ഡിജിറ്റൽ രേഖകളിൽ നിന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് കോടതിയിൽ സമർപ്പിക്കാനാണ് പോലീസിന്റെ ശ്രമമെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.
പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പൾസർ സുനിയുടെ മൊഴിയെടുക്കും. ഇതിനായി അനുമതി തേടി അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. പൾസർ സുനി അമ്മയ്ക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം കേസിലെ വിഐപി ശരത് ജി നായരാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ശരതിന്റെ ആലുവയിലെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷമാണ് ഇന്വേഷണ സംഘം ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവിൽ ഇയാൾ ഒളിവിലാണ്. ശരതിലേക്ക് അന്വേഷണം എത്താൻ സഹായിച്ചത് ശബ്ദ സന്ദേശമാണെന്ന് പോലീസ് വ്യക്തമാക്കി. ഹോട്ടൽ ആന്റ് ട്രാവൽ ഏജൻസി നടത്തുന്ന ശരത് ദിലീപിന്റെ അടുത്ത സുഹൃത്താണ്.