കൊച്ചി
സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഡോളർകടത്ത് കേസിൽ ജുഡീഷ്യൽ കമീഷന്റെ പ്രവർത്തനം സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ 10 ദിവസം കഴിഞ്ഞ് പരിഗണിക്കാൻ ഹൈക്കോടതി മാറ്റി. ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയുമടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ കള്ളത്തെളിവുണ്ടാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശ്രമിച്ചത് അന്വേഷിക്കാനാണ് സർക്കാർ ജസ്റ്റിസ് വി കെ മോഹനൻ അധ്യക്ഷനായി ജുഡീഷ്യൽ കമീഷനെ നിയോഗിച്ചത്.
കേന്ദ്ര ഏജൻസിക്കെതിരെ അന്വേഷണം നടത്താൻ ജുഡീഷ്യൽ കമീഷന് അധികാരമില്ലെന്ന ഇഡി വാദം കണക്കിലെടുത്താണ് കമീഷന്റെ പ്രവർത്തനം സിംഗിൾ ബെഞ്ച് തടഞ്ഞത്. ഇഡി ഹർജിയിൽ മുഖ്യമന്ത്രിയെ കക്ഷി ചേർത്തിരുന്നെങ്കിലും സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിൽ മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചിരുന്നില്ല. ഇഡി കേന്ദ്രത്തിലെ ഒരു വകുപ്പുമാത്രമാണെന്നും തങ്ങൾക്കെതിരായ ഹർജി നിലനിൽക്കില്ലെന്നുമാണ് സർക്കാരിന്റെ വാദം. സ്വപ്ന സുരേഷിന്റെ ശബ്ദരേഖയും തെളിവു നൽകാൻ സമ്മർദം ചെലുത്തിയെന്ന് ചൂണ്ടിക്കാട്ടി സന്ദീപ് നായർ എഴുതിയ കത്തും അനുബന്ധ തെളിവുകളും കണക്കിലെടുത്താണ് സർക്കാർ കമീഷനെ നിയോഗിച്ചത്.















