കൊല്ലം: കേരള സർവകലാശാല സെനറ്റ് ഉപതെരഞ്ഞെടുപ്പിൽ പ്രിൻസിപ്പൽ മണ്ഡലത്തിൽ എ.കെ.പി.സി.ടി.എ സ്ഥാനാർത്ഥിയായി മത്സരിച്ച ചാത്തന്നൂർ എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ.എം.എസ്.ലത വിജയിച്ചു. ദേശീയവിദ്യാഭ്യാസ നയം 2020 ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഫെഡറൽ സംവിധാനങ്ങളെ തകർക്കുകയും എയ്ഡഡ് കോളേജുകളെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സർവ്വകലാശാല സമിതികളിൽ എ.കെ.പി.സി.ടി.എ പ്രതിനിധികൾ എത്തേണ്ടതും ക്രിയാത്മകമായി ഇടപെടേണ്ടതും കാലഘട്ടത്തിന്റെ അനിവാര്യതയാണ്. വലിയതോതിലുള്ള രാഷ്ട്രീയ വെല്ലുവിളികളെ അഭിമുഖീകരിച്ചാണ് പ്രിൻസിപ്പൽ മണ്ഡലത്തിൽ എ.കെ.പി.സി.ടി.എ വിജയിച്ചത്.
അദ്ധ്യാപകമണ്ഡലത്തിൽ നടക്കാനിരിക്കുന്ന സെനറ്റ് ഉപതെരഞ്ഞെടുപ്പിന് ഈ വിജയം കൂടുതൽ കരുത്തു നൽകും എന്ന കാര്യത്തിൽ സംശയമില്ല.
ഫലപ്രഖ്യാപനത്തിനു ശേഷം ചേർന്ന അനുമോദന യോഗത്തിൽ എ.കെ.പി.സി.ടി.എ സംസ്ഥാന സെക്രട്ടറി ഡോ.ടി.ആർ.മനോജ്, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ.എം.വിജയൻ പിള്ള, സംസ്ഥാന സർവീസ് സെൽ കൺവീനറും സെനറ്റ് സ്ഥാനാർത്ഥിയുമായ ഡോ.പ്രമോദ് എൻ, എ.കെ.പി.സി.ടി.എ തിരുവനന്തപുരം ജില്ല ജോയിന്റ് സെക്രട്ടറി എൻ.കെ.സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.