തെരഞ്ഞെടുപ്പ് നടത്താൻ ഇളവ് അനുവദിച്ചുകൊണ്ട് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. തെരഞ്ഞെടുപ്പ് നടത്താൻ മാത്രമാണ് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിരിക്കുന്നത്. പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നതിനും ഇളവ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമായിരിക്കെയാണ് ഇളവ്.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന തൃശൂർ, കോഴിക്കോട്, വയനാട്, എറണാകുളം ജില്ലകളിൽ നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്.
ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിനു മുകളിലായതിനാൽ കോഴിക്കോട് ജില്ലയിലെ എല്ലാ പൊതുപരിപാടികൾക്കും നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. മതപരമായ പരിപാടികൾക്കും ഇത് ബാധകമാണ്. സർക്കാർ, അർധസർക്കാർ, സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ അടക്കമുള്ളവ എല്ലാ പരിപാടികളും ഓൺലൈനായി മാത്രമേ നടത്താവൂ എന്നാണ് നിർദ്ദേശം.
തൃശൂരിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.26 ആയതിനാൽ നാളെ മുതൽ പൊതു പരിപാടികൾക്ക് വിലക്കുണ്ട്. മത, രാഷ്ട്രീയ, സാമൂഹ്യ, സാമുദായിക പരിപാടികൾക്ക് അടക്കം വിലക്കുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അതേസമയം സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 22,000 കഴിഞ്ഞിരിക്കുന്നതിനാല്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് മുന്നറിയിപ്പ് നൽകി. ജനുവരി ഏഴിന് കൊവിഡ് കേസുകള്‍ 5,000ന് മുകളിലായിരുന്നു. അത് കേവലം 10 ദിവസം കൊണ്ട് നാലിരട്ടിയിലധികമായി വര്‍ധിച്ചു.
ജനുവരി 12ന് 12,000ന് മുകളിലും ജനുവരി 17ന് 22,000ന് മുകളിലും എത്തിയിട്ടുണ്ട്. ഇനിയും കൊവിഡ് കേസുകള്‍ കുത്തനെ ഉയരാതിരിക്കാന്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണം. ആരില്‍ നിന്നും കൊവിഡ് പകരുന്ന അവസ്ഥയാണുള്ളത്. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം. പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ ശരിയായവിധം എന്‍ 95 മാസ്‌കോ, ഡബിള്‍ മാസ്‌കോ ധരിക്കേണ്ടതാണെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.