തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പോലീസ് പരസ്യ വിചാരണ നടത്തിയ സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവി മാപ്പ് ചോദിച്ചെന്ന് പെൺകുട്ടിയുടെ അച്ഛൻ ജയചന്ദ്രൻ. മകളോടാണ് മാപ്പ് ചോദിച്ചതെന്നും ഹൈക്കോടതി വിധി നടപ്പിലാക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയെന്നും ജയചന്ദ്രൻ പറഞ്ഞു. പോലീസ് ആസ്ഥാനത്ത് എത്തിയാണ് ജയചന്ദ്രനും മകളും പോലീസ് മേധാവിയെ കണ്ടത്. ഹൈക്കോടതി ഉത്തരവ് നേരിട്ട് കൈമാറാനാണ് ഇരുവരും പോലീസ് ആസ്ഥാനത്ത് എത്തിയത്.
നേരത്തെ മനുഷ്യാവകാശ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ റിപ്പോർട്ടുകൾ കൈമാറിയിട്ടും പോലീസ് ഇത് കാര്യമായി പരിഗണിച്ചിരുന്നില്ല. അതുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് നേരിട്ട് കൈമാറി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടാൻ എത്തിയതെന്നും ജയചന്ദ്രൻ പറഞ്ഞു. ആറ്റിങ്ങലിൽ വെച്ച് മൊബൈൽ മോഷ്ടാക്കളെന്ന് മുദ്രകുത്തിയാണ് ഇവരെ പിങ്ക് പോലീസ് പരസ്യ വിചാരണ നടത്തിയത്. ഈ കേസിൽ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിരുന്നു.
അതേസമയം ഉദ്യോഗസ്ഥയെ പരിശീലനത്തിന് അയക്കണമെന്നും പൊതുജനവുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലിയിൽ നിയമിക്കരുതെന്നും ഹൈക്കോടതി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇക്കാര്യത്തിലുൾപ്പെടെ ഉറപ്പ് വാങ്ങാനാണ് പോലീസ് ആസ്ഥാനത്ത് നേരിട്ട് എത്തിയതെന്നും ഡിജിപി അനിൽ കാന്തുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ജയചന്ദ്രൻ പ്രതികരിച്ചു.
Content Highlights: dgp apologized in pink police case says jayachandran