തിരുവനന്തപുരം: ഓരോ ദിവസത്തെയും പോലീസിന്റെ വീഴ്ചകൾ ഞെട്ടിപ്പിക്കുന്നതും നാണിപ്പിക്കുന്നതുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.കഴിഞ്ഞ ദിവസം കോട്ടയത്ത് മകനെ തട്ടിക്കൊണ്ട് പോയെന്ന് അമ്മ പോലീസിനെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ മാപ്പർഹിക്കാത്ത കുറ്റമാണെന്ന് ചെന്നിത്തല വിമർശിച്ചു.
ഗുരുതര വീഴ്ചയാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഗുണ്ടാനേതാവ് സ്റ്റേഷനു മുന്നിൽ കൊണ്ട് കൊന്നു തള്ളിയിട്ടും പ്രതിക്ക് കൊല്ലാൻ ഉദ്ദേശമില്ലായിരുന്നു എന്ന പ്രതിയുടെ മൊഴി കോട്ടയം എസ്.പി. മാധ്യമങ്ങളോട് പറഞ്ഞത് ആരെ വെള്ള പൂശാനാണെന്നു മനസിലാകുന്നില്ല. നാണംകെട്ട പ്രസ്താവനയായിപ്പോയെന്നും ചെന്നിത്തല വിമർശിച്ചു.
രണ്ടാം പിണറായി സർക്കാരിന്റെ കീഴിൽ ഗുണ്ടകളും മാഫിയകളും അഴിഞ്ഞാടുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഇവരിൽ പലർക്കും ഭരിക്കുന്ന പാർട്ടിയുമായുള്ള ബന്ധം കാരണം പോലീസിനു മുഖം നോക്കാതെ നടപടി എടുക്കാൻ കഴിയുന്നില്ല. താഴേത്തട്ടിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് പാർട്ടിയാണ്. ഉന്നത ഉദ്യോഗസ്ഥർക്ക് ഉണ്ടായിരുന്ന നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടു. കേരളാ പോലീസിലെ മിടുക്കരായ പല ഉദ്യോഗസ്ഥർക്കും ക്രമസമാധാനച്ചുമതല നൽകാത്തതും സമൂഹിക വിരുദ്ധർ അഴിഞ്ഞാടാനുള്ള കാരണമാണെന്ന് ചെന്നിത്തല പറഞ്ഞു.
content highlights :Ramesh Chennithala criticises Kerala Police