500ന് മുകളിൽ വാക്സിൻ അർഹതയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളാണ് വാക്സിൻ കേന്ദ്രമായി കണക്കാക്കുക. വാക്സിനേഷൻ്റെ ഭാഗമായി ആംബുലൻസ് സൗകര്യവും പ്രത്യേക മുറികളും സജ്ജമാക്കും. ഭിന്നശേഷിക്കാർക്ക് വാക്സിൻ സ്വീകരിക്കാൻ താൽപ്പര്യമില്ലെങ്കിൽ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും. വാക്സിൻ വിതരണം നടക്കുന്ന സ്കൂളുകളിൽ 18ന് വകുപ്പുതല യോഗം ചേരുമെന്ന് മന്ത്രി അറിയിച്ചു.
കൊവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകൾ 21 മുതൽ ഓൺലൈൻ മുഖേനെയും ഡിജിറ്റലായും നടക്കും. അതേസമയം, അധ്യാപകർ സ്കൂളിൽ എത്തണമെന്ന നിർദേശം മന്ത്രി നൽകുകയും ചെയ്തു. 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള ക്ലാസുകൾ നിലവിലേത് പൊലെ തന്നെ തുടരും. ക്ലാസുകൾ നടക്കുന്ന മുറികൾ ശുചിയാക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
വാക്സിനേഷൻ കേന്ദ്രമാകാത്ത സ്കൂളിലെ വിദ്യാർഥികൾക്ക് പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴിയാകും വാക്സിൻ നൽകുക. ആരോഗ്യ വകുപ്പിലെ ഒരു മെഡിക്കല്‍ ഓഫീസര്‍, വാക്‌സിനേറ്റര്‍, സ്റ്റാഫ് നേഴ്‌സ്, സ്‌കൂള്‍ നല്‍കുന്ന സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരടങ്ങുന്നതാണ് വാക്‌സിനേഷന്‍ ടീം.
വാക്സിൻ നൽകേണ്ട വിദ്യാർഥികളുടെ ലിസ്റ്റ് സ്കൂൾ അധികൃതർ നേരത്തെ തയ്യാറക്കണം. വാക്സിൻ വിതരണം ചെയ്യുന്നതിന് മുൻപ് തന്നെ ഈ വിദ്യാർഥികളുടെ വിവരങ്ങൾ കൊവിൻ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ ഉറപ്പുവരുത്തണം. കുട്ടികളുടെ എണ്ണം അനുസരിച്ചാകും വാക്സിനേറ്റർമാരുടെ എണ്ണം തീരുമാനിക്കുക. ഓരോ ദിവസവും വാക്സിൻ സ്വീകരിക്കുന്ന വിദ്യാർഥികളുടെ വിവരങ്ങൾ വിദ്യാഭ്യാസവകുപ്പ് ശേഖരിക്കുമെന്നും മന്ത്രി അറിയിച്ചു.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനങ്ങളുണ്ടായത്. കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഒന്ന് മുതൽ ഒൻപതാം ക്ലാസ് വരെ ഓൺലൈൻ ക്ലാസ് മാത്രമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായിരുന്നു. ജനുവരി 21ന് ശേഷം ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസ് ഉണ്ടായിരിക്കില്ല.