പാറശ്ശാല: മെഗാതിരുവാതിര വിവാദമായതിന് പിന്നാലെ സിപിഎം തിരുവനന്തപുരം ജില്ലാസമ്മേളന വേദിയിൽ ഗാനമേളയും. സമാപന സമ്മേളനത്തിന് മുന്നോടിയായാണ് പ്രതിനിധികൾക്കും പ്രവർത്തകർക്കുമായി ഗാനമേള നടത്തിയത്. ടിപിആർ 30 ശതമാനത്തിന് മേലെ നിൽക്കുന്ന ജില്ലയിൽ പൊതുപരിപാടികൾ പാടില്ലെന്ന കർശന നിർദേശം നിലനിൽക്കുമ്പോഴാണ് ഇതെല്ലാം പാടേ അവഗണിച്ചുകൊണ്ടാണ് ഗാനമേള നടന്നത്.
സമ്മേളന തലേന്നത്തെ മെഗാ തിരുവാതിരയുണ്ടാക്കിയ പൊല്ലാപ്പൊന്നും കണക്കിലെടുക്കാതെയായിരുന്നു ഗാനമേള സംഘടിപ്പിച്ചത്. പ്രതിനിധികൾക്കൊപ്പം നേതാക്കളും റെഡ് വാളണ്ടിയർമാരും പ്രാദേശിയ നേതാക്കളും സംഘാടകരും ഗാനമേള ആസ്വദിച്ചു. ജില്ലയിൽ ഒരുതരത്തിലുള്ള പൊതുപരിപാടിയും പാടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവുണ്ട്. ഇക്കാര്യത്തിൽ കളക്ടറും ഉത്തരവിറക്കിയിട്ടുണ്ട്. ഇതൊന്നും വകവെക്കാതെയായിരുന്നു ജില്ലാ സമ്മേളന വേദിയിലെ ഗാനമേള.
കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടിവന്ന ജില്ലാ സമ്മേളമായിരുന്നു തിരുവനന്തപുരത്തേത്. കോവിഡിനെത്തുടർന്നുണ്ടായ നിയന്ത്രണങ്ങളുടെ ഭാഗമായി പ്രകടനവും പൊതുവേദിയിലുള്ള പൊതുസമ്മേളനവും ഉപേക്ഷിച്ചിരുന്നു. പ്രകടനവും പൊതുസമ്മേളനവും ഇല്ലാത്ത ആദ്യ ജില്ലാസമ്മേളനമായി പാറശ്ശാല സമ്മേളനം മാറിയതായും സമ്മേളന പ്രതിനിധികൾ പറഞ്ഞു
ഒരുലക്ഷത്തിലധികം പ്രവർത്തകരെ അണിനിരത്തിയുള്ള പ്രകടനമാണ് നേതൃത്വം തീരുമാനിച്ചിരുന്നത്. പാറശ്ശാലയിൽനിന്നു പ്രവർത്തകരും സമ്മേളന പ്രതിനിധികളും അടങ്ങുന്ന സംഘം ചെറുവാരക്കോണം മൈതാനത്തേക്ക് പ്രകടനമായി എത്താനായിരുന്നു പദ്ധതി. എന്നാൽ, കോവിഡ് നിയന്ത്രണം ആരംഭിച്ചതോടെ സമ്മേളന പ്രതിനിധികൾ മാത്രമായി ചുരുക്കുകയും തുടർന്ന് പ്രകടനം ഉപേക്ഷിക്കുകയുമായിരുന്നു. പകരം സമ്മേളനവേദിയിൽ വെർച്വലായി പൊതുസമ്മേളനം നടത്തി.
Content Highlights:Music show at CPM Thiruvananthapuram District conference