മുംബൈ
വിരാട് കോഹ്ലിയുടെ അപ്രതീക്ഷിത വിരമിക്കലിൽ ഞെട്ടി ബിസിസിഐ. ട്വന്റി–20, ഏകദിന ടീമുകളിലെ ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്നതുപോലെ എളുപ്പമല്ല ടെസ്റ്റിലെ നായകനെ കണ്ടെത്തുന്നത്. വെെസ് ക്യാപ്റ്റൻ രോഹിത് ശർമയാണ് ആദ്യ പരിഗണനയിൽ. ലോകേഷ് രാഹുലും ഋഷഭ് പന്തും ജസ്പ്രീത് ബുമ്രയുമെല്ലാം സാധ്യതയിലുണ്ട്.
നിലവിലെ വെെസ് ക്യാപ്റ്റനാണ് ഏകദിന നായകൻകൂടിയായ രോഹിത്. പരിക്കുകാരണം ദക്ഷിണാഫ്രിക്കൻ പരമ്പരയിലില്ല മുപ്പത്തിനാലുകാരൻ. ഏകദിനത്തിൽ തിളങ്ങുന്ന രോഹിതിന് ടെസ്റ്റിൽ ആ മികവില്ല എന്നതാണ് പ്രധാന പോരായ്മ. ശാരീരികക്ഷമതയിൽ പിന്നിൽ. പ്രായവും പ്രതികൂലം.
കോഹ്-ലിയുടെയും രോഹിതിന്റെയും അഭാവത്തിൽ ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടാം ടെസ്റ്റിൽ ടീമിനെ നയിച്ചത് രാഹുലായിരുന്നു. പുതിയ തലമുറ താരമാണ് പന്ത്. ഇന്ത്യൻ ടീമിലെ വരും സൂപ്പർതാരം. 24 വയസ്സു മാത്രം. അടുത്ത മാസം ശ്രീലങ്കയുമായാണ് ഇന്ത്യയുടെ അടുത്ത പരമ്പര.