ന്യൂഡൽഹി
പഞ്ചാബിൽ വോട്ടെടുപ്പ് ആറ് ദിവസമെങ്കിലും നീട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകി. ഗുരു രവിദാസ് ജയന്തിയായതിനാലാണ് ആവശ്യം. ഫെബ്രുവരി 14നാണ് പഞ്ചാബിൽ വോട്ടെടുപ്പ്.
സംസ്ഥാനത്തെ ദളിതരിൽ 20 ലക്ഷത്തോളം പേർ രവിദാസ് ജയന്തിയുടെ ഭാഗമായി ഫെബ്രുവരി 10 മുതൽ 16 വരെ വാരാണസിയിലേക്ക് തീർഥാടനം നടത്താറുണ്ട്. വോട്ട് ചെയ്യാനുള്ള ഇവരുടെ അവസരം നിഷേധിക്കരുതെന്നും -മുഖ്യമന്ത്രി പറഞ്ഞു. വോട്ടെടുപ്പ് 20ലേക്ക് മാറ്റണമെന്ന് ബിഎസ്പിയും ആവശ്യപ്പെട്ടിരുന്നു.
ചന്നിയുടെ സഹോദരൻ
കോൺഗ്രസ് വിമതൻ
പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയുടെ സഹോദരൻ മനോഹർ സിങ് കോൺഗ്രസ് വിമത സ്ഥാനാർഥി. സർക്കാർ ഡോക്ടറായിരുന്ന മനോഹർ സിങ് ബസി പത്താന സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയാകാനായി രാജിവച്ചിരുന്നു. എന്നാൽ, കോൺഗ്രസ് എംഎൽഎ ഗുർപ്രീത് സിങ്ങിനെ വീണ്ടും സ്ഥാനാർഥിയാക്കിയതാണ് മനോഹർ സിങ്ങിനെ ചൊടിപ്പിച്ചത്. സ്ഥാനാർഥി നിർണയം മറ്റിടങ്ങളിലും കോൺഗ്രസിനുള്ളിൽ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. മോഗയിൽ മാളവിക മുസെവാലയെ സ്ഥാനാർഥിയാക്കിയതോടെ സിറ്റിങ് എംഎൽഎ ഹർജോത് കമൽ ബിജെപിയിൽ ചേർന്നു. മൻസയിലും മലൗട്ടിലും പുതുമുഖങ്ങളെ സ്ഥാനാർഥിയാക്കിയതിൽ നിലവിലെ എംഎൽഎമാർ പ്രതിഷേധത്തിലാണ്.