ലഖ്നൗ
നിയമസഭാ തെരഞ്ഞെടുപ്പിനിടെ വിദ്വേഷവും കിംവദന്തികളും പ്രചരിപ്പിക്കാൻ ബിജെപി ഗുജറാത്തിൽനിന്ന് പ്രവർത്തകരെ ഇറക്കുന്നതായി സമാജ്വാദി പാർടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. നിഷ്പക്ഷമായി വോട്ടെടുപ്പ് നടത്തുന്നതിന് ഇവരെ തിരിച്ചയക്കണമെന്നും അഖിലേഷ് തെരഞ്ഞെടുപ്പുകമീഷനോട് ആവശ്യപ്പെട്ടു. ഞങ്ങളുടെ പ്രവർത്തകരാരും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരല്ല.
പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനത്തിൽനിന്നുള്ള പ്രവർത്തകരെ ഇറക്കിയിരിക്കുന്നത് പണം വിതരണം ചെയ്യാനും വിദ്വേഷം പ്രചരിപ്പിക്കാനുമാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽനിന്ന് യുപിയിൽ എത്തിയവരെയും തിരിച്ചയക്കാൻ കമീഷന് കത്തുനൽകുമെന്നും അഖിലേഷ് പറഞ്ഞു.
എസ്പിയിൽ ചേരുന്നത് ലഹളക്കാരെന്ന് കേന്ദ്രമന്ത്രി
ലഹളക്കാരും അവരെ സഹായിക്കുന്നവരുമാണ് സമാജ്വാദി പാർടിയിൽ ചേരുന്നതെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. കാൺപുർ മുൻപൊലീസ് കമീഷണർ അസിം അരുണിനെ ബിജെപിയിലേക്ക് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. മികച്ച സ്വഭാവമുള്ളവരാണ് ബിജെപിയിലേക്ക് വരുന്നത്.
എസ്പി സ്ഥാനാർഥിപ്പട്ടികയിലെ പലരും ജയിലുകളിലോ ജാമ്യത്തിലോ ആണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മന്ത്രിമാരും ഡസനോളം എംഎൽഎമാരും ബിജെപി വിട്ട് എസ്പിയിൽ ചേർന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.