തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ തലത്തിലേക്ക് കടക്കുമ്പോഴും തടസ്സമില്ലാതെ ജനക്കൂട്ടങ്ങൾ പങ്കെടുക്കുന്ന പൊതുപരിപാടികൾ. ഞായറാഴ്ച സംസ്ഥാനത്ത് ആദ്യമായി ടിപിആർ 30 ശതമാനത്തിന് മുകളിലാണ്. ഇതിനിടയിലും ഞായറാഴ്ച നടന്നത്അഞ്ഞൂറിന് മേൽ ആളുകൾ പങ്കെടുത്ത വിവിധ പരിപാടികളാണ്.
കേരളത്തിൽ ഞായറാഴ്ചകോവിഡ് രോഗികളുടെ എണ്ണം18,123 ആണ്. 30.55 ശതമാനമാണ് ടി.പിആർ. ആദ്യ രണ്ട് തരംഗങ്ങളിലും സംസ്ഥാനത്ത് രോഗസ്ഥിരീകരണ നിരക്ക് ഇത്രയും ഉയർന്നിട്ടില്ല. രോഗികളുടെ എണ്ണം മുൻപ് 40,000 കടന്നിട്ടുണ്ടെങ്കിലും അന്ന് ടെസ്റ്റുകളുടെ എണ്ണം കൂടുതലായിരുന്നു. സംസ്ഥാനത്ത് ഏറ്റവും തീവ്രമായി രോഗം വ്യാപിക്കുമ്പോഴും ആൾക്കൂട്ടത്തിന് യാതൊരു നിയന്ത്രണവുമില്ലെന്നതാണ് ആശങ്കയുണർത്തുന്നത്.
പാർട്ടി സമ്മേളനങ്ങൾ അടക്കം രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളിൽ നിയന്ത്രണം ലംഘിച്ചുള്ള ജനക്കൂട്ടമുള്ളതായി ആരോപണം ഉയരുന്നുണ്ട്. തിരുവനന്തപുരത്ത് സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പേർക്ക് കോവിഡ് പോസിറ്റീവ് ആയി. ഐ.ബി സതീഷ് എംഎൽഎ. വട്ടപ്പാറ ബിജു എന്നിവരാണ് പോസിറ്റീവായത്. കോവിഡ് വ്യാപനത്തിൽ മുന്നിലുള്ള തലസ്ഥാന ജില്ലയിൽ പാർട്ടി സമ്മേളനം മാറ്റി വയ്ക്കാത്തത് ജനാധിപത്യ രീതിക്ക് മാറ്റം വരും എന്നതിനാലാണെന്നും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പരിപാടി നടത്തിയത് എന്നുമാണ് ഇക്കാര്യത്തിൽ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിശദീകരണം.
തലസ്ഥാന ജില്ലയിൽ തന്നെ മുന്നൂറോളം സ്ത്രീകൾ പങ്കെടുത്തകുടുംബശ്രീയുടെ എ.ഡി.എസ് തിരഞ്ഞെടുപ്പ് ഞായറാഴ്ചനടന്നു. സാമൂഹിക അകലം പാലിക്കലും മറ്റ് പ്രതിരോധ നടപടികളും ശരിയായ രീതിയിൽ സ്വീകരിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. 50 പേരിൽ താഴെ ആളുകൾക്ക് പങ്കെടുക്കാവുന്ന പരിപാടികൾക്ക് പോലും ജില്ലയിൽ നിയന്ത്രണമുണ്ടെന്നിരിക്കെയാണ് യാതൊരു മാനദണ്ഡവും പാലിക്കാതെയുള്ള ആൾക്കൂട്ടം എന്നത് മൂന്നാം തരംഗത്തിൽ കേരളത്തിൽ രോഗികളുടെ എണ്ണം ഇനിയും വർധിക്കുമെന്ന ആശങ്കയുണർത്തുന്നു.
എറണാകുളത്ത്പെരുമ്പാവൂരിലും കോഴിക്കോട് മുതലക്കുളം മൈതാനത്തും ബി.ജെ.പി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ പങ്കെടുത്തത് ആയിരത്തോളം ആളുകളാണ്. പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദ നിലപാടുകൾക്കെതിരെ സംഘടിപ്പിച്ച കൂട്ടായ്മയിൽ പെരുമ്പാവൂരിൽ അഞ്ഞൂറോളം ആളുകളും കോഴിക്കോട് ആയിരം പേരും പങ്കെടുത്തു. സാമൂഹികാകലം പേരിന് പോലും ഇവിടങ്ങളിൽ ഇല്ലായിരുന്നു. മാസ്ക് ധരിക്കാത്തവരുടെ എണ്ണവും കുറവല്ല. കോഴിക്കോട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
എറണാകുളം ജില്ലയിൽ ഞായറാഴ്ച പോസിറ്റീവ് ആയത് 3204 പേരാണ്. ഇവിടെ ടിപിആർ 36.87 ആണ്. മൂന്നാം ദിവസമാണ് എറണാകുളത്ത് ടിപിആർ 30ന് മുകളിൽ കടക്കുന്നത്. കോഴിക്കോട് ജില്ലയിൽ 1,643 പേർക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ടിപിആർ 30.65 ശതമാനമാണ്.
സംസ്ഥാനത്ത് അടുത്ത മൂന്നാഴ്ച തീവ്രവ്യാപനത്തിനുള്ള സാധ്യതയാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് വകവയ്ക്കാതെയാണ് രാഷ്ട്രീയ പാർട്ടികൾ പരിപാടികൾ സംഘടിപ്പിക്കുന്നത്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഈ മാസം 31 വരെ നടത്താനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. മറ്റ് പരിപാടികൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രം നടത്തണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നിർദേശവും നൽകിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം തൃശ്ശൂർ ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളനം ഒഴിവാക്കിയിട്ടുണ്ട്. പകരം വെർച്വൽ സമ്മേളനമാകും നടത്തുക.
Content Highlights: tpr raising to all time highest rate and still no measures to stop crowd gathering in kerala