തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിൽ കുട്ടികൾക്ക് വാക്സിനേഷൻ ബുധനാഴ്ച മുതൽ ആരംഭിക്കും. ഇതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും വെവ്വേറെ യോഗം ചേർന്നതിന് ശേഷമാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്കൂളുകളിലെ വാക്സിനേഷൻ യജ്ഞത്തിന് അന്തിമ രൂപം നൽകിയത്. 15 വയസും അതിന് മുകളിലും പ്രായമുള്ള കുട്ടികൾക്കാണ് കോവിഡ് വാക്സിൻ നൽകുന്നത്. ഇവർ 2007-ലോ അതിനുമുമ്പോ ജനിച്ചവരായിരിക്കണം. 15 മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവാക്സിൻ മാത്രമാണ് നൽകുക. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും വാക്സിൻ നൽകുക.
വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ടാസ്ക് ഫോഴ്സാണ് വാക്സിനേഷൻ നടത്തേണ്ട സ്കൂളുകൾ കണ്ടെത്തുന്നത്. 500ൽ കൂടുതൽ ഗുണഭോക്താക്കളുള്ള സ്കൂളുകളെ സെഷൻ സൈറ്റുകളായി തിരഞ്ഞെടുത്താണ് വാക്സിനേഷൻ നടത്തുന്നത്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ വെയ്റ്റിംഗ് ഏരിയ, വാക്സിനേഷൻ റൂം, ഒബ്സർവേഷൻ റൂം എന്നിവ സ്കൂൾ അധികൃതർ ഉറപ്പാക്കണം.
സ്കൂളുകളിൽ തയ്യാറാക്കിയ വാക്സിനേഷൻ സെഷനുകൾ അടുത്തുള്ള സർക്കാർ സർക്കാർ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളുമായി ലിങ്ക് ചെയ്യും. സ്കൂൾ വാക്സിനേഷൻ സെഷനുകളുടെ എണ്ണം ജില്ലാ ടാസ്ക് ഫോഴ്സ് തീരുമാനിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും എല്ലാ സെഷനുകളും നടത്തുക. സ്കൂൾ അധികൃതർ ഒരു ദിവസം വാക്സിനേഷൻ എടുക്കേണ്ട വിദ്യാർത്ഥികളുടെ ലിസ്റ്റ് വളരെ നേരത്തെ തന്നെ തയ്യാറാക്കുകയും അവർക്ക് അനുവദിച്ചിരിക്കുന്ന സമയത്തെ കുറിച്ച് അറിയിക്കുകയും ചെയ്യും. വാക്സിനേഷൻ ദിവസത്തിന് മുമ്പ് അർഹതയുള്ള എല്ലാ വിദ്യാർത്ഥികളും കോവിൻ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ ഉറപ്പുവരുത്തും.
ആരോഗ്യ വകുപ്പിലെ ഒരു മെഡിക്കൽ ഓഫീസർ, വാക്സിനേറ്റർ, സ്റ്റാഫ് നേഴ്സ്, സ്കൂൾ നൽകുന്ന സപ്പോർട്ട് സ്റ്റാഫുകൾ എന്നിവരടങ്ങുന്നതാണ് വാക്സിനേഷൻ ടീം. കുട്ടികളുടെ എണ്ണം അനുസരിച്ച് ഓരോ സെഷൻ സൈറ്റിലെയും വാക്സിനേറ്റർമാരുടെ എണ്ണം തീരുമാനിക്കും. എല്ലാ വാക്സിനേഷനും കോവിന്നിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. ഓഫ്ലൈൻ സെഷനുകളൊന്നും തന്നെ നടത്താൻ പാടില്ല.വാക്സിൻ നൽകുമ്പോൾ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. വാക്സിനേഷൻ മുറിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ താപനില പരിശോധിക്കാം.
പനിയും മറ്റ് അസുഖങ്ങളും ഉള്ള കുട്ടികൾക്ക് വാക്സിൻ നൽകില്ല. വാക്സിൻ എടുത്ത കുട്ടികളെ 30 മിനിറ്റ് നിരീക്ഷണത്തിൽ ഇരുത്തും. ബയോമെഡിക്കൽ മാലിന്യങ്ങൾ സുരക്ഷിതമായ സംസ്കരണത്തിനായി അടുത്തുള്ള ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോകും. വാക്സിനേഷൻ മൂലം കുട്ടികൾക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എഇഎഫ്ഐ മാനേജ് ചെയ്യുന്നതിനുള്ള സംവിധാനം എല്ലാ കേന്ദ്രങ്ങളിലുമൊരുക്കും. കുട്ടികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ കാണുന്നുവെങ്കിൽ തൊട്ടടുത്ത എഇഎഫ്ഐ മാനേജ്മെന്റ് സെന്ററിലെത്തിക്കും. ഇതിനായി സ്കൂളുകൾ ഓക്സിജൻ സൗകര്യമുള്ള ആംബുലൻസ് ഉറപ്പാക്കണം.
Content Highlights: guideline for vaccination in schools released