പാറശാല > ഗുണ്ടകളുടെ പാർടിയാക്കി കോൺഗ്രസിനെ മാറ്റാനാണോ ലക്ഷ്യമിടുന്നതെന്ന് കെപിസിസി വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. സിപിഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ചുള്ള വെർച്വൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കലാലയങ്ങളിൽ 35 എസ്എഫ്ഐ പ്രവർത്തകരുടെ ജീവനാണ് എതിരാളികൾ കവർന്നത്. ഇതിൽ 12 പേരുടെയും ജീവനെടുത്തത് കെഎസ്യുവും കോൺഗ്രസുകാരുമാണ്. ഒടുവിൽ ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിലെ ധീരജിന്റെ കൊലപാതകവും നടത്തിയത് വളരെ ആസൂത്രിതമായാണ്. കൊലപാതകികളെ തള്ളിപ്പറയാൻ കെപിസിസി പ്രസിഡന്റ് തയ്യാറായിട്ടില്ല. പകരം അവരെ സംരക്ഷിക്കുമെന്നാണ് പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകളിൽ രണ്ടും കൽപ്പിച്ചിറങ്ങാൻ തന്റെ കുട്ടികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് സുധാകരൻ പറയുന്നു. സുധാകരന്റെ കുട്ടികൾ ഗുണ്ടകളാണ്. തന്റെ അറിവോടെയാണ് ആ കൊലപാതകം നടന്നതെന്ന് സുധാകരന്റെ പ്രസ്താവനയിൽനിന്നു വ്യക്തമാണ്.
കൊലപാതകത്തിൽ പങ്കുള്ള സുധാകരൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയാണ് വേണ്ടത്. കൊലപാതകത്തിൽ വീരസ്യം പറഞ്ഞു നടക്കുന്നതാണോ കോൺഗ്രസിന്റെ പാരമ്പര്യമെന്നു വ്യക്തമാക്കണം. പുതിയ സുധാകര ഗാന്ധി പറയുന്നത് ഗോഡ്സെയുടെ വാക്കുകളാണ്. ഉമ്മൻചാണ്ടി പരസ്യമായി കൊലപാതകത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാൽ, കെപിസിസി പ്രസിഡന്റും കൂട്ടരും അതിനെ ന്യായീകരിക്കുകയാണ്. കൊലപാതകം ഇരന്നുവാങ്ങിയതാണെന്ന സുധാകരന്റെ പ്രസ്താവന രക്തസാക്ഷിത്വത്തെ അപമാനിക്കലാണ്. ഇത് സിപിഐ എം പ്രവർത്തകരെയും പ്രകോപിപ്പിക്കാൻ ലക്ഷ്യമിട്ടാണ്. ഈ പ്രകോപനത്തിൽ ആരും പെട്ടുപോകരുത്. കൊലയ്ക്കു പകരം കൊല എന്നത് സിപിഐ എമ്മിന്റെ നയമല്ല.
കൊലപാതകത്തിലൂടെ ഒരു പ്രസ്ഥാനത്തെ തകർക്കാനാകമായിരുന്നെങ്കിൽ ആദ്യം തകരേണ്ടിയിരുന്നത് സിപിഐ എമ്മാണ്. ഇതിനകം അറുനൂറിലധികം സിപിഐ എം പ്രവർത്തകരെയാണ് എതിരാളികൾ കൊന്നുതള്ളിയത്. കൊലപാതകികളെ സഹായിക്കുന്നവരെ ജനങ്ങളിൽനിന്ന് ഒറ്റപ്പെടുത്താനുള്ള പ്രവർത്തനമാണ് നടത്തേണ്ടത്. കോൺഗ്രസിനെ സെമി കേഡർ പാർടിയാക്കുമെന്നാണ് സുധാകരൻ പ്രഖ്യാപിച്ചത്. കേഡർ പാർടി എന്നാൽ ഗുണ്ടായിസവും കൊന്നുതള്ളലുമാണോ എന്ന് വ്യക്തമാക്കണം. ഇത് കോൺഗ്രസിന്റെ നയമാണോ എന്ന് ഹൈക്കമാൻഡും രാഹുൽ ഗാന്ധിയും വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷനായി.