കട്ടപ്പന > ഇടുക്കി എൻജിനിയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽഅറസ്റ്റിലായവരെല്ലാം കെഎസ്യു, യൂത്ത് കോൺഗ്രസ് ജില്ലാ നേതാക്കൾ. കേസിൽ ഇതുവരെ ആറുപേർപിടിയിലായിട്ടുണ്ട്. ഇന്ന് ഒരാൾകൂടി കീഴടങ്ങി. കെഎസ്യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി കമ്പിളികണ്ടം തെള്ളിത്തോട് നാണിക്കുന്നേൽ നിതിൻ ലൂക്കോസ്(22) ആണ് പടമുഖം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി സോയിമോൻ സണ്ണിയാണ് നേരിട്ട് കൃത്യത്തിൽ ഏർപ്പെട്ടവരിൽ ഇനി പിടിയിലാകാനുള്ളത്. ഇയാൾ ഒളിവിലാണ്.
കേസിലെ ഒന്നാംപ്രതി യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി, ഇടുക്കി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോ, കെഎസ്യു ജില്ലാ സെക്രട്ടറി ജിതിൻഉപ്പുമാക്കൽ, ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാട്ട്, യൂത്ത് കോൺഗ്രസ് സജീവ പ്രവർത്തകനായ ജസിൻ ജോയി എന്നിവരാണ് പിടിയിലായത്. യൂത്ത് കോൺഗ്രസിന്റെയും കെഎസ്യുവിന്റെയും ജില്ലാ നേതാക്കളാണ് ഇതുവരെ പിടിയിലായ എല്ലാവരും. എന്നിട്ടും കൊലയാളികളെ സംരക്ഷിക്കുന്ന കെപിസിസി പ്രസിഡന്റിനും കോൺഗ്രസിനും എതിരെ പ്രതിഷേധം ശക്തമാകുകയാണ്.
ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കേസില്‍ നേരത്തെ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിഖില്‍ പൈലിയും ജെറിന് ജോജോയും നിലവില്‍ റിമാന്‍ഡിലാണ്.